കഠിനം പൊന്നയ്യപ്പാ: മിനി പമ്പയിൽ ഗതാഗതതടസ്സം; ഡിവൈഡറുകൾ സ്ഥാപിച്ച ശേഷമുള്ള ആദ്യ സീസൺ
Mail This Article
പുനലൂർ ∙ ശബരിമല തീർഥാടകർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി അവലോകന യോഗങ്ങൾ നടന്നെങ്കിലും മണ്ഡലകാലത്തിന്റെ ആരംഭ ദിവസം തന്നെ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന പുനലൂർ ടിബി ജംക്‌ഷനിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമാണുണ്ടായത്. ടിബി ജംക്‌ഷന് സമീപം ലോറി അഴുക്കുചാലിലേക്ക് മറിഞ്ഞു. ആര്യങ്കാവിൽ നിന്നും രോഗിയുമായി വേഗത്തിൽ എത്തിയ ആംബുലൻസ് ടിബി ജംക്‌ഷന് കിഴക്ക് ഭാഗം ഗതാഗതക്കുരുക്കിൽ പെട്ടു. ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഗതാഗതതടസ്സം രൂക്ഷമായതോടെ എത്തിയതോടെയാണ് കൂടുതൽ പൊലീസ് എത്തിയത്. ഇടത്താവളങ്ങളും ശാസ്താ ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് 100 സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ട് അംഗങ്ങളും പി.എസ്. സുപാൽ എംഎൽഎയും അടക്കം പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ ഇതുവരെ നടപടികൾ ഉണ്ടായില്ല. വാളക്കോട് മുതൽ ടിബി ജംക്‌ഷൻ വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ സീസൺ കടകൾ ആരംഭിച്ചിട്ടുള്ളത്. മുൻവർഷങ്ങളിൽ ഇത്തരം നടപടികൾ വിജയകരമായിരുന്നു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര കല്ലട പാലവും കടന്ന് ഹൈസ്കൂൾ ജംക്‌ഷൻ വരെ നീണ്ടു നിന്നിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തുന്ന തീർഥാടകരാണ് മിനി പമ്പയിൽ സാധനങ്ങൾ വാങ്ങാനായി നിർത്തുന്നത്.
ഡിവൈഡറുകൾ സ്ഥാപിച്ച ശേഷമുള്ള ആദ്യ സീസൺ
പുനലൂരിൽ ടിബി ജംക്‌ഷനിൽ ഡിവൈഡറുകൾ ശാസ്ത്രീയമായി സ്ഥാപിച്ച ശേഷമുള്ള ആദ്യ സീസൺ ആണിത്. മുൻപ് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ള തീർഥാടക വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പുതിയ കൂറ്റൻ ടാങ്കർ ലോറികളും പാറ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ടിപ്പർ ലോറികളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിനിടയിലാണ് ആന്ധ്ര, കർണാടക, തെലങ്കാന, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നെത്തുന്ന നൂറു കണക്കിന് തീർഥാടക വാഹനങ്ങളുടെ സാന്നിധ്യവും. വരും ദിവസങ്ങളിൽ ഗതാഗതം സുഗമമാക്കാനും നിയന്ത്രിക്കുന്നതിനും കൂടുതൽ സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
തെക്കൻ മേഖലയിൽ ഗതാഗതക്കുരുക്ക്
തെന്മല ∙ ശബരിമല മണ്ഡലകാലത്തിനു തുടക്കമായതോടെ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ വരവിൽ കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവിലും ഗതാഗതക്കുരുക്ക് നീണ്ടു. പുലർച്ചെ മുതൽ വാഹനങ്ങളുടെ വലിയ തിരക്കിൽ അതിർത്തിയായ പുളിയറ മുതൽ എസ് വളവിലും കോട്ടവാസൽ വരെയും ഗതാഗതം മണിക്കൂറുകൾ നിലച്ചു. ചരക്കുലോറികളും കെഎസ്ആർടിസി അടക്കമുള്ള യാത്രാ വാഹനങ്ങളും പുളിയറയിൽ കുടുങ്ങി. കേരളത്തിലേക്കു കടന്നുവന്ന ചരക്കുലോറികൾ പരിശോധനയ്ക്കായി പുളിയറ വാഹന നികുതി ചെക്പോസ്റ്റിലും പൊലീസ് ചെക്പോസ്റ്റിലും കാത്തുകിടന്നതോടെ മറ്റു വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും കടന്നുപോകാനാകാതെ വലഞ്ഞു.
മണ്ഡലകാലം കണക്കിലെടുത്ത് ഗതാഗത സ്തംഭനം പരിഹരിക്കാൻ നൽകിയ കർശന നിർദേശങ്ങൾ കുരുക്കിലായി. കൂടുതൽ പൊലീസുകാരെ നിയോഗിക്കാനും ചരക്കുലോറി ഗതാഗതം നിയന്ത്രിമാക്കാനും നടപടിയില്ലാത്തതാണു കാരണം. കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന് ഇരുവശത്തും ഗതാഗതം നിയന്ത്രിക്കാൻ ആളില്ല. ക്ഷേത്രത്തിൽ മണ്ഡലകാലത്ത് സ്ഥാപിച്ചിരുന്ന പൊലീസ് സഹായ കേന്ദ്രം ഇക്കുറി വൈകുകയാണ്. ആര്യങ്കാവിൽ പൊലീസ് സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. അച്ചൻകോവിലിൽ ഇന്നലെ പ്രവർത്തനം തുടങ്ങി. ഇതിനിടെ തിരുമംഗലം ദേശീയപാതയിലെ അപകടപരമ്പര തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് വാനും കാറും നേർക്കുനേർ കൂട്ടിയിടിച്ച അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ വശവും തകർന്നു. ദേശീയപാതയിൽ കഴുതുരുട്ടി പാലത്തിനു സമീപത്തായിരുന്നു അപകടം. പരുക്കേറ്റവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.