കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ ദക്ഷിണയും നിരഞ്ജനയും
Mail This Article
പുത്തൂർ ∙ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്നതു സിനിമാ കഥയിലെ ഹിറ്റ് ഡയലോഗ് മാത്രമല്ല, ശാസ്ത്രീയമായും അതു സത്യമാണെന്നു തെളിയിച്ചപ്പോൾ പുത്തൂർ ജിഎച്ച്എസ്എസിലെ ചുണക്കുട്ടികൾക്ക് സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം. പ്ലസ് വൺ വിദ്യാർഥികളായ എസ്.ദക്ഷിണയും ടി.നിരഞ്ജന പിള്ളയുമാണ് സ്കൂളിനും നാടിനും അഭിമാന നേട്ടം സമ്മാനിച്ചത്. ഗതിനിയന്ത്രണ സംവിധാനത്തിലെ ജിപിഎസുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര തത്വങ്ങളും അത് നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും അടങ്ങുന്ന പ്രോജക്ട് ആണ് ഇവർ അവതരിപ്പിച്ചത്.
ഒരു വസ്തുവിന്റെ സ്ഥാനം ജിപിഎസ് വഴി അറിയുന്നതിന് സമയവും ഒരു പ്രധാന ഘടകമാണെന്നും ഉപഗ്രഹങ്ങളുടെ ഗണിതശാസ്ത്രപരമായ വിന്യാസം ആണ് ഒരു വസ്തുവിന്റെ സ്ഥാന നിർണയത്തിൽ കൃത്യത വരുത്തുന്നത് എന്നും ബീജഗണിത, ജ്യാമിതീയ ഗണിതശാസ്ത്ര തത്വങ്ങളിലൂടെ ഇവർ തെളിയിച്ചു. മുൻപ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഇരുവരും കേരളത്തെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ ഗണിത അധ്യാപകരായ സൗമ്യ ജോസഫ്, ഡി.ജി.ശോഭ, എം.സിബി എന്നിവരുടെ മാർഗനിർദേശങ്ങൾ തുണയായി.
മുൻ കനറാ ബാങ്ക് ഉദ്യോഗസ്ഥൻ പൊരീക്കൽ നീരാഞ്ജനത്തിൽ എം.ബാബുക്കുട്ടൻ പിള്ളയുടെയും മുക്കൂട് ജിയുപിഎസ് അധ്യാപിക പി.താരയുടേയും മകളാണ് നിരഞ്ജന പിള്ള. അഡ്വക്കറ്റ് ജനറൽ ഓഫിസിൽ അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറായ പാങ്ങോട് പുതിയ വീട്ടിൽ എസ്.റെജിയുടെയും ഫൊറൻസിക് സയൻസ് സയന്റിഫിക് ഓഫിസർ പി.ശീതളിന്റെയും മകളാണ് ദക്ഷിണ.