തെരുവു പൂച്ചയെ രക്ഷിച്ചയാളോട് മൃഗാശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി
Mail This Article
കൊല്ലം∙ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തെരുവു പൂച്ചയെ രാത്രിയിൽ മൃഗാശുപത്രിയിൽ എത്തിച്ച കാരിക്കോട് സ്വദേശി ലത്തീഫ് കുഞ്ഞിനോട് തേവള്ളി ജില്ലാ മൃഗാശുപത്രിയിൽ ജീവനക്കാർ മോശമായി പെരുമാറിയെന്ന് ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച കടയിൽ നിന്ന് രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അഞ്ച് നായകൾ പൂച്ചയെ കടിച്ചു കുടയുന്നത് ലത്തീഫ് കാണുന്നത്. ലത്തീഫിന്റെ വാഹനത്തിലെ വെട്ടം കണ്ടപ്പോൾ പൂച്ചയെ വിട്ട് നായകൾ ഓടിയൊളിച്ചു.
ഗുരുതരമായി പരുക്കേറ്റ പൂച്ചയെ സംരക്ഷിക്കാൻ 100 ൽ വിളിച്ചു. തുടർന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തേവള്ളിയിലെ ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രഥമശുശ്രൂഷ നൽകിയെങ്കിലും പൂച്ചയെ സംരക്ഷിക്കാൻ സംവിധാനമില്ലെന്നും നാളെ പൂച്ചയുമായെത്തി പേ വിഷ പ്രതിരോധ കുത്തിവയ്പ് നടത്താനും ഡോക്ടർമാർ നിർദേശിച്ചു. കാലുകൾ അനക്കാനാവാത്ത അവസ്ഥയിലായിരുന്നു പൂച്ച. എക്സ്റേ എടുക്കാനൊന്നും ഡോക്ടർമാർ തുനിഞ്ഞില്ല.
പിറ്റേന്ന് പൂച്ചയുമായി ഒപിയിൽ എത്തിയപ്പോൾ പണം അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു. പൂച്ചയുടെ ഉടമ അല്ലെന്നും തെരുവിൽ പരുക്കേറ്റു കിടന്നതാണെന്നും പറഞ്ഞപ്പോൾ ഡോക്ടർമാരുടെ അടുത്തേക്ക് വിട്ടു. പണം അടയ്ക്കാതെ തുടർ ചികിത്സ ലഭ്യമാക്കില്ലെന്ന ഡോക്ടർമാർ നിലപാടെടുത്തതോടെ പണം അടച്ചു കുത്തിവയ്പു നടത്തി. എക്സ്റേ ഉൾപ്പെടെയുള്ള നടപടികൾ അന്നും നടന്നില്ല.
തെരുവു പൂച്ചയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഏറെ ബുദ്ധിമുട്ട് സഹിച്ചെന്നു ലത്തീഫ് പറഞ്ഞു. വകുപ്പ് മന്ത്രി ഉൾപ്പെടയുള്ളവർക്ക് ലത്തീഫ് പരാതി നൽകിയിട്ടുണ്ട്. നിലവിൽ ലത്തീഫിന്റെ സംരക്ഷണയിൽ കഴിയുന്ന പൂച്ചയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.