ശക്തികുളങ്ങര പോർട്ട്, ഹാർബർ പ്രദേശങ്ങൾ വിനോദ സഞ്ചാര മേഖലയായി ഉയർത്തമെന്ന ആവശ്യം ശക്തം
Mail This Article
കൊല്ലം∙ ശക്തികുളങ്ങര പോർട്ട്, ഹാർബർ പ്രദേശങ്ങൾ വിനോദ സഞ്ചാര മേഖലയായി ഉയർത്തമെന്ന ആവശ്യം ശക്തം. കടൽക്കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാനും സന്ദർശകർക്ക് വിശ്രമിക്കാനും സൗകര്യങ്ങളുള്ള വിശാലമായ കടപ്പുറമാണ് ഇവിടെ. ഒപ്പം പുലിമുട്ടുകൾക്ക് മുകളിലൂടെയുള്ള റോഡും വാഹന പാർക്കിങ്ങിനുള്ള സ്ഥലവും ടൂറിസം വികസനത്തിനുള്ള ചേരുവകളാകുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന മൈതാനവും അതിനോട് ചേർന്ന കടപ്പുറവും വിനോദ സഞ്ചാര മേഖലയായി പ്രയോജനപ്പെടുത്തോണ്ടതാണ്.
ഇവിടെ തിരമാലകൾക്ക് ശക്തി കുറവാണ്. കൂടാതെ ആഴം കുറവുള്ള തീരവും അനുകൂല ഘടകമാണ്. പുലിമുട്ടിനു മധ്യേ 20 വർഷം മുൻപ് നിർമിച്ച റോഡിലെ ടാർ ഇളകി കുണ്ടും കുഴിയായി. ചുറ്റും കാടുമൂടിയതോടെ ചെറിയ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകുന്ന തരത്തിൽ റോഡ് ചുരുങ്ങി. ഇതിന്റെ റീടാറിങ് ജോലികൾ അടിയന്തരമായി ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മലപോലെ മാലിന്യം
ശക്തികുളങ്ങര ഹാർബറിനു സമീപം അഴിമുഖതീരം മാലിന്യ മലയാക്കുന്നതായി പരാതി. കോഴിക്കടകളിലെ മാലിന്യം മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ അഴിമുഖത്ത് വ്യാപകമായി തള്ളുന്നു. മത്സ്യം വാങ്ങാനെത്തുന്ന വാഹനങ്ങൾക്കൊപ്പം രാത്രിയിൽ മാലിന്യം തള്ളുന്ന വാഹനങ്ങളും ഇവിടേക്ക് എത്തുന്നുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ പരിശോധിക്കാൻ അധികൃതർ ജാഗ്രത കാണിക്കുന്നില്ലെന്നാണു പരാതി. മാലിന്യം കുന്നുകൂടുമ്പോൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ഇവ മൂടും. ഏതാനും ദിവസം കഴിയുമ്പോൾ എല്ലാം പഴയപടിയാകും.