ഉന്നത വിദ്യാഭ്യാസ മേഖല വളരുന്നു: മുഖ്യമന്ത്രി
Mail This Article
ശാസ്താംകോട്ട∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളർച്ചയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കൂടുതൽ കുട്ടികൾ കേരളത്തിലെ കോളജുകളിൽ പ്രവേശനം തേടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളജിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടണം. ഉന്നത വിദ്യാഭ്യാസ മേഖല നിലവിൽ മെച്ചപ്പെട്ടതിന്റെ തെളിവാണ് ദേശീയ റാങ്കിങ്ങിൽ കേരള സർവകലാശാല ഒൻപതാം സ്ഥാനത്ത് എത്തിയത്. ഒരു കാലത്ത് ദേശീയ തലത്തിൽ ആദ്യ 100 സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നുപോലും ഉണ്ടായിരുന്നില്ല. കാലാനുസൃതമായ കോഴ്സുകൾ ആരംഭിക്കുക എന്നതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചു പ്രധാനമാണ്.
അയിത്തം, ജാതി വിവേചനം, അമിതാധികാരം എന്നിവയ്ക്ക് എതിരെ പടപൊരുതിയ നേതാവാണ് കോളജിന്റെ സ്ഥാപകനായ കുമ്പളത്തു ശങ്കുപ്പിള്ള. വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് ഡിബി കോളജ്. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ളവർ ഡിബി കോളജിലെ പൂർവ വിദ്യാർഥികളാണെന്നും അദ്ദേഹം പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, മുൻ എംപി കെ. സോമപ്രസാദ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
കോവൂർ കുഞ്ഞുമോനെ തിരുത്തി പിണറായി
ശാസ്താംകോട്ട∙ ഡിബി കോളജ് വജ്ര ജൂബിലി ആഘോഷ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കോഴ്സുകൾ തേടിയാണ് കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതെന്നാണ് കുഞ്ഞുമോൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത്. അധ്യക്ഷന്റെ പരാമർശത്തിലെ തെറ്റ് തിരുത്തുകയാണെന്ന മുഖവുരയോടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേരളത്തിലെ കോളജുകളിൽ പ്രവേശനം ലഭിക്കാത്തവരാണ് വിദേശത്തു പോകുന്നതെന്നു പിണറായി പറഞ്ഞു. വിദേശത്തു പോയി പഠിക്കുന്നത് നല്ലകാര്യമാണ്. എന്നാൽ, നല്ല കോഴ്സുകൾ കേരളത്തിലെ കോളജുകളിലുമുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രവേശനം ലഭിക്കാത്തവരാണ് എൻജിനീയറിങ് കോളജിൽ പ്രവേശനം നേടുന്നത്. വിദേശ സർവകലാശാലയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള പരസ്യങ്ങളാണ് ദേശീയപാതയുടെ വശങ്ങളിൽ. യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴാണ് ആയിരക്കണക്കിന് മലയാളി കുട്ടികൾ മെഡിക്കൽ മേഖലയിൽ യുക്രെയ്നിൽ പഠിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അവർ തിരികെ വന്നപ്പോൾ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ തുടർ പ്രവേശനം നേടാനുള്ള യോഗ്യത അവരിൽ പലർക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.