ADVERTISEMENT

കരുനാഗപ്പള്ളി ∙ അപ്രതീക്ഷിതമായ കൊലപാതകത്തിന്റെ വാർത്ത കേട്ടാണ് കുലശേഖരപുരം ഇന്നലെ ഉണർന്നത്. കുലശേഖരപുരം ആദിനാട് വടക്ക് കാർത്തികപ്പള്ളി കിഴക്കതിൽ വീട്ടിലെ വിജയലക്ഷ്മിയെ നാട്ടിൽ കണ്ടിട്ടുള്ള പരിചയം എല്ലാവർക്കുമുണ്ടെങ്കിലും ആരുമായും ഇവർ അടുപ്പം പുലർത്തിയിരുന്നില്ല. അപ്രതീക്ഷിതമായ മരണ വാർത്തയിൽ പകച്ചു പോയ നാട്ടുകാർക്ക് വിജയലക്ഷ്മിയുടെ പ്രതിയുമായുള്ള ബന്ധത്തെ സംബന്ധിച്ചോ മറ്റു സൗഹൃദങ്ങളെ കുറിച്ചോ ധാരണയില്ല. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി കൊച്ചുമാംമൂട്ടിൽ 6 മാസത്തോളമായി വാടകയ്ക്ക് കഴിയുകയായിരുന്നു ഇവർ. 3 വർഷത്തോളമായി അഴീക്കൽ ഹാർബറിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്തിരുന്നത്. അഴീക്കൽ ഹാർബറിൽ തന്നെ ജോലി െചയ്യുന്ന ഒരു ആൺ സുഹൃത്തിന്റെ പേരിലാണ് ഈ വാടക വീട് സംഘടിപ്പിച്ചത്.  

കുലശേഖരപുരം ആദിനാട് വടക്ക് സ്വദേശി 
വിജയലക്ഷ്മിയുടെ കുടുംബവീട്. ചിത്രം: മനോരമ.
കുലശേഖരപുരം ആദിനാട് വടക്ക് സ്വദേശി വിജയലക്ഷ്മിയുടെ കുടുംബവീട്. ചിത്രം: മനോരമ.

വിജയലക്ഷ്മിയുടെ കുടുംബം
വിജയലക്ഷ്മിക്ക് 2 മക്കളുണ്ടെങ്കിലും ഇരുവരും മുൻ ഭർത്താവിന്റെ കൂടെ ഇടുക്കിയിലാണ് താമസിക്കുന്നത്. 27 വയസ്സുള്ള മൂത്ത മകളുമായി ചെറിയ ബന്ധമുണ്ടെങ്കിലും ഭർത്താവുമായും 23 വയസ്സുള്ള മകനുമായും വിജയലക്ഷ്മിയുമായി ബന്ധമുണ്ടായിരുന്നില്ല. 20 വർഷങ്ങൾക്ക് മുൻപാണ് ഇടുക്കിയിൽ നിന്ന് വിവാഹമോചിതയായി വിജയലക്ഷ്മി വീണ്ടും നാട്ടിലെത്തുന്നത്. അന്നു മുതൽ വീട്ടിൽ നിന്നു മാറി പല ഇടങ്ങളിലായി വാടകയ്ക്ക് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. വീട്ടുജോലി, ഹോം നഴ്സ്, മീൻ വിൽപന തുടങ്ങി ഒട്ടേറെ ജോലികൾ ചെയ്തിട്ടുണ്ട്. കോവിഡിന് ശേഷമാണ് അഴീക്കൽ ഹാർബറിൽ ജോലിക്ക് പോയി തുടങ്ങിയത്.

വിജയലക്ഷ്മിയുടെ അച്ഛൻ ഗോപാലൻ വർഷങ്ങൾക്ക് മുൻപേ മരിച്ചിരുന്നു. 2 വർഷങ്ങൾക്കു മുൻപ് അമ്മ ഓമനയമ്മയും (മണി) മരിച്ചു. ഇതോടെ ഇവരുടെ കുടുംബവീട് അടച്ചിട്ടിരിക്കുകയാണ്. 3 സഹോദരങ്ങളാണ് വിജയലക്ഷ്മിക്കുള്ളത്. മൂത്ത സഹോദരൻ കൃഷ്ണൻ കുട്ടി ഒഡീഷയിലും രണ്ടാമത്തെ സഹോദരൻ ശിവൻ ഗോവയിലും സ്ഥിരതാമസമാണ്. സഹോദരി തഴവ കുറ്റിപ്പുറത്തു താമസിക്കുന്ന ഗീതയാണ് ഇടയ്ക്ക് വീട്ടിൽ വന്നു വീടും പരിസരവും വൃത്തിയാക്കുകയും മറ്റും ചെയ്യുന്നത്. 

പരാതി നൽകിയത് സഹോദരി
വിജയലക്ഷ്മിയെ 4 ദിവസമായി കാണാനില്ലെന്ന് കഴിഞ്ഞ 10ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുന്നത് സഹോദരി ഗീതയാണ്. മറ്റൊരിടത്ത് ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ വലിയ ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നില്ല.  വിജയലക്ഷ്മിയെ കാണാതായി 2 ദിവസങ്ങൾക്ക് ശേഷം ആൺ സുഹൃത്ത് സഹോദരി ഗീതയുടെ ബന്ധുക്കളെ സമീപിക്കുമ്പോഴാണ് ഇവർ വിവരം അറിയുന്നത്. ഫോൺ വിളിച്ചിട്ടും കിട്ടിയില്ലെങ്കിലും എവിടെയങ്കിലും പോയതായിരിക്കും എന്നാണ് ഇവർ കരുതിയത്. 2 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ 10ന് വിജയലക്ഷ്മിയുടെ ഫോണിൽ ഇന്റർനെറ്റ് ഓൺ ആണെന്ന് കണ്ട്  വാട്സാപ്പിലൂടെ സഹോദരി ഗീത വിളിച്ചു. 

അപ്പോൾ എറണാകുളത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഫോൺ എടുത്തത്. എറണാകുളത്തെ കെഎസ്ആർടിസി ബസിൽ നിന്നാണ് ഫോൺ ലഭിച്ചതെന്നും കെഎസ്ആർടിസി ജീവനക്കാരൻ പൊലീസിൽ ഏൽപിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് ഗീത വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതി നൽകിയത്. 11ന് സ്റ്റേഷനിൽ ചെന്ന് വിശദമായ മൊഴിയും നൽകി. 

ജാഗ്രതയോടെ കുഴിക്കു കാവൽ!
വാട്ടർ ടാങ്ക് വൃത്തിയാക്കാനും തുണി വിരിക്കാനുമെന്ന വ്യാജേന ജയചന്ദ്രൻ കഴിഞ്ഞ രണ്ടാഴ്ചയും വീടിനു മുകളിൽ കയറി മൃതദേഹം കുഴിച്ചിട്ട ഭാഗം നിരീക്ഷിച്ചുകൊണ്ടിരുന്നെന്നു പൊലീസ് പറഞ്ഞു. മണ്ണു വിണ്ടുമാറുന്നതായി കണ്ടപ്പോൾ വീടുപണിക്കു ശേഷം അവശേഷിച്ച എം സാൻ‍ഡും കോൺക്രീറ്റ് വേസ്റ്റും മറ്റുമിട്ട് ഉറപ്പിച്ചു. അടുത്ത തവണ നോക്കിയപ്പോൾ കുഴിക്കു മുകളിൽ നായ മണം പിടിക്കുന്നതു കണ്ടു. അണുനാശിനി വാങ്ങിക്കൊണ്ടുവന്നു കുഴിക്കു മീതേ ഒഴിച്ചു. ഇതൊന്നും അയൽക്കാർ അറിയാതെ ജയചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. വസ്ത്രങ്ങൾ വിരിച്ച ശേഷം ജയചന്ദ്രൻ ടാങ്കിന്റെ ഭാഗത്ത് ഏറെ നേരം ഇരിക്കുന്നത് അയൽക്കാർ കണ്ടെങ്കിലും സംശയമൊന്നും തോന്നിയില്ല.

ഒരു വർഷമേ ആയുള്ളൂ ജയചന്ദ്രനും കുടുംബവും കരൂർ കിഴക്ക് പുനർഗേഹം പദ്ധതിയിൽ ലഭിച്ച വീട്ടിൽ‍ താമസം തുടങ്ങിയിട്ട്.  ആരുമായും വലിയ അടുപ്പമില്ലായിരുന്നു. സംഭവദിവസം ഭാര്യ മകനുമൊത്തു പുന്നപ്രയിലെ അവരുടെ വീട്ടിലായിരുന്നു. കൊലയ്ക്കു ശേഷം അടുത്ത ബുധനാഴ്ച അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. പതിവു പോലെ ബോട്ടിൽ പണിക്കും പൊയ്ക്കൊണ്ടിരുന്നു. അഴീക്കൽ ഹാർബറിൽ തിരിച്ചെത്തിയതു ഞായറാഴ്ച. അവിടെനിന്നാണു കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിജയലക്ഷ്മിയെ കാണാതായപ്പോൾ ചിലർ ജയചന്ദ്രനോടും അന്വേഷിച്ചിരുന്നു. ‘എന്നോടെന്തിനു ചോദിക്കുന്നു, അവർ അവിടെത്തന്നെ കാണും’ എന്നായിരുന്നു മറുപടി. ഇരുവരും കൊച്ചിയിലേക്കു പോയെന്നും അവിടെനിന്നു വിജയലക്ഷ്മിയെ പത്തനംതിട്ട ബസിൽ കയറ്റിവിട്ടെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ ആദ്യം പറഞ്ഞത്. എന്നാൽ, ഒരാളുടെ ടിക്കറ്റേ എടുത്തിട്ടുള്ളൂ എന്നതിന്റെ തെളിവ് പൊലീസിനു കിട്ടിയതോടെ ആ കള്ളം പൊളിഞ്ഞു.

പ്രതി മുൻപ് വിജയലക്ഷ്മിയുടെ സ്കൂട്ടർ കത്തിച്ചു
കേസിലെ പ്രതി ജയചന്ദ്രനുമായി മുൻപും വിജയലക്ഷ്മി തർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരു തവണ വിജയലക്ഷ്മി പുതുതായി വാങ്ങിയ സ്കൂട്ടർ ജയചന്ദ്രൻ കത്തിക്കുകയും രണ്ടാം തവണ സ്കൂട്ടർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വിജയലക്ഷ്മി ബന്ധുക്കളോട് പറഞ്ഞിരുന്നു. പുതുതായി വാങ്ങിയ സ്കൂട്ടർ കത്തിച്ച സംഭവം മനഃപൂർവം പ്രതി ചെയ്തതാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഷോർട്ട് സർക്യൂൂട്ടാണ് കാരണം എന്നാണ് എല്ലാവരും കരുതിയത്. ഇതിൽ നിന്ന് ലഭിച്ച ഇൻഷുറൻസ് തുക കൊണ്ടാണ് രണ്ടാമതും വാഹനം വാങ്ങിയത്.  ഒരു വർഷം മുൻപൊരു രാത്രിയിൽ വിജയലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് പന്തവും പെട്രോളും കൊണ്ടു വന്നാണ് രണ്ടാമതും സ്കൂട്ടർ കത്തിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് വിജയലക്ഷ്മി കണ്ടിരുന്നു. ഇതിനു ശേഷമാണ് ജയചന്ദ്രൻ തന്നെയാണ് മുൻപും വാഹനം കത്തിച്ചതെന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞത്. ഇത് പൊലീസിൽ പറയാൻ പറഞ്ഞെങ്കിലും ഇനിയെന്തെങ്കിലും ഉണ്ടാകുമെങ്കിൽ നോക്കാമെന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി. 

∙ വിജയലക്ഷ്മി കൊലപാതക കേസിലെ പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ വിജയലക്ഷ്മിയുടെ ബന്ധുക്കൾക്കോ നാട്ടുകാർക്കോ പരിചയമില്ല. മുൻപ് ഒന്നുരണ്ട് തവണ ഇയാളെക്കുറിച്ചു സഹോദരിയോട് പരാമർശിച്ചിട്ടുണ്ട് എന്നതല്ലാതെ കണ്ടു പരിചയം ഇവർക്കുമില്ല. അഴീക്കൽ ഹാർബറിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലിക്കെത്തിയ ജയചന്ദ്രൻ അവിടെ വച്ചാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. 

സംസ്കാരം നാളെ 
വിജയലക്ഷ്മിയുടെ സംസ്കാരം നാളെ നടത്തിയേക്കും. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. ഒഡീഷയിലുള്ള സഹോദരൻ ഇന്ന് നാട്ടിലെത്തും. 

English Summary:

The peaceful town of Kulashekharapuram is reeling after a shocking murder sent ripples through the community. Details remain scarce as authorities begin their investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com