ജലാലുദ്ദീൻ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും
Mail This Article
കൊല്ലം ∙ ഇറച്ചിക്കോഴി കടയിലെ അസം സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, ഒപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. അഞ്ചൽ ചന്തമുക്കിനു സമീപമുള്ള അറഫാ ചിക്കൻ സ്റ്റാളിലെ തൊഴിലാളി ജലാലുദ്ദീനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആണ് അടുത്ത ബന്ധു കൂടിയായ അസം സ്വദേശി അബ്ദുൽ അലിയെ (24) കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.
കോഴിയെ വെട്ടുന്ന കത്തികൊണ്ടാണ് ജലാലുദ്ദീനെ കൊലപ്പെടുത്തിയത്. ദേഹമാസകലം 43 വെട്ടേറ്റു. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. 2020 ഫെബ്രുവരി 2നു പുലർച്ചെ 5ന് ആയിരുന്നു കൊലപാതകം.അഞ്ചൽ സ്വദേശിയായ അലിയാരു കുഞ്ഞ് നടത്തുന്ന ചിക്കൻ സ്റ്റാളിലെ ജീവനക്കാരാണിരുവരും.അബ്ദുൽ അലി ഏറെ സമയം മൊബൈൽ ഫോൺ നോക്കിയിരിക്കുന്നത് ജലാലുദ്ദീൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണം. ജലാലുദ്ദീന്റെ നിലവിളി കേട്ടെത്തിയവരെയും ആക്രമിക്കാൻ ശ്രമിച്ചു.
ദൃക്സാക്ഷികളായ അസം സ്വദേശികളായ 2 പേർ കോടതിയിൽ മൊഴി നൽകി. അഞ്ചൽ ഇൻസ്പെക്ടർ ആയിരുന്ന സി.എൽ.സുധീർ, എസ്ഐ പ്രകാശ് കുമാർ, എഎസ്ഐ പ്രേംലാൽ, പൊലീസുകാരായ ഹരിപ്രസാദ്, രഞ്ജിത്, അഭിലാഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി വനിതാ സിവിൽ പൊലീസ് ഓഫിസർ പി.എസ്.ദീപ്തിയും പരിഭാഷകനായി അഡ്വ. ഷൈൻ മൺറോത്തുരുത്തും ഉണ്ടായിരുന്നു.