ബ്ലോക്ക് പഞ്ചായത്തിൽ ജീവനക്കാർക്കു നേരെ വൈസ് പ്രസിഡന്റിന്റെ അസഭ്യവർഷമെന്നു പരാതി
Mail This Article
പത്തനാപുരം∙ എൽഡിഎഫ് ഭരിക്കുന്ന പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിന്റെ മുറിയിലെത്തി, ബിഡിഒ ഉൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ വൈസ് പ്രസിഡന്റ് അസഭ്യ വർഷം നടത്തിയെന്നു പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജീവനക്കാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയുടെ അധ്യക്ഷതയിൽ, പ്രസിഡന്റിന്റെ മുറിയിൽ സ്റ്റാഫ് മീറ്റിങ് പുരോഗമിക്കുമ്പോൾ, അവിടേക്കെത്തിയ വൈസ് പ്രസിഡന്റ് ആരോമലുണ്ണി, രഹസ്യ മീറ്റിങ് നടത്തുകയാണെന്ന് ആരോപിച്ചാണ് ബഹളം തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു. ധനകാര്യ കമ്മിറ്റി പാസാക്കേണ്ട പല ഫയലുകളും പാസാക്കാതെ വൈകിക്കുന്നതിനാൽ, പ്രത്യേക ബ്ലോക്ക് കമ്മിറ്റി ചേരുന്നതിനുള്ള തീരുമാനം എടുക്കാൻ വേണ്ടിയാണ് സ്റ്റാഫ് മീറ്റിങ് ചേർന്നത്. ഈ യോഗത്തിൽ വൈസ് പ്രസിഡന്റിന്റെ പ്രവർത്തന രീതിക്കെതിരെ ജീവനക്കാർ പ്രസിഡന്റിനോട് പരാതി പറഞ്ഞു. ഇതറിഞ്ഞ് എത്തിയ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ മുറിയിലെത്തി ബഹളം വയ്ക്കുകയും, ജീവനക്കാരോട് കയർക്കുകയും ചെയ്തെന്നാണ് പരാതി.
പ്രസിഡന്റ് മറുപടി പറയാൻ ശ്രമിച്ചതോടെ തർക്കമായി. ഇതിനിടയിലാണ് ജീവനക്കാരെ അസഭ്യം പറഞ്ഞത്. മണിക്കൂറോളം നേരം ബഹളം തുടർന്ന ശേഷമാണ് തർക്കം അവസാനിച്ചത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പ്രസിഡന്റിന് നൽകിയ പരാതി, ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാനാണ് നീക്കം. സിപിഎം പ്രതിനിധിയായ എ.ആനന്ദവല്ലിയാണ് പ്രസിഡന്റ്. നേരത്തെ ഈ ഓഫിസിലെ തന്നെ ശുചീകരണ തൊഴിലാളിയായിരുന്നു ഇവർ. കേരള കോൺഗ്രസി(എം)ന്റെ ഏക അംഗമായ ആർ.ആരോമലുണ്ണിയാണ് വൈസ് പ്രസിഡന്റ്. സ്ഥാനം വീതം വയ്ക്കണമെന്ന ധാരണയിലാണ് ആരോമലുണ്ണിക്ക് സ്ഥാനം നൽകിയതെന്ന് സിപിഎം നേതൃത്വം പറയുന്നു.
ഇത് അംഗീകരിക്കാതെ ആരോമലുണ്ണി സ്ഥാനത്ത് തുടരുകയാണെന്നും നേതൃത്വം ആരോപിക്കുന്നു. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ എൽഡിഎഫിന് ഏഴും, യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. വൈ.പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നാൽ ആരോമലുണ്ണി പിന്തുണച്ചില്ലെങ്കിൽ സ്ഥാനം എൽഡിഎഫിനു നഷ്ടപ്പെടും. അതേസമയം അസഭ്യം പറഞ്ഞെന്ന ആക്ഷേപം ശരിയല്ലെന്ന് ആരോമലുണ്ണി പറഞ്ഞു.