ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല
Mail This Article
തെന്മല∙ തിരുമംഗലം ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല. കഴിഞ്ഞദിവസം രാത്രി 10ന് ഉറുകുന്നിൽ തമിഴ്നാട് ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു. വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ചരക്കു ലോറി പാതയോരത്തെ ലോട്ടറി കടയിലേക്ക് ഇടിച്ചു കയറി. ലോറിയിലെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ വാതിൽ പൊളിച്ച് രക്ഷിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ നിന്ന് പാറപ്പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ആലപ്പുഴ നിന്ന് തൂത്തുക്കുടിയിലേക്കു പോകുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം തകർന്നു. തെന്മല നിന്ന് ഉറുകുന്നിലേക്ക് കനാൽ കവലയിൽ നിന്ന് ഇറക്കം ഇറങ്ങുന്ന ലോറികൾ ന്യൂട്രലിൽ പോകുന്നതാണ് അപകടങ്ങളുടെ മുഖ്യകാരണം. നേരെയുള്ള പാതയായതിനാൽ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങൾക്ക് കാരണമാകുന്നു. മണ്ഡലകാലത്ത് തീർഥാടകരുടെ വരവ് വർധിച്ചിട്ടും സുരക്ഷ ഒരുക്കാൻ വൈകുന്നു.
കഴിഞ്ഞമാസം കടയിലേക്കു ലോറി ഇടിച്ചു കയറിയപ്പോൾ പരുക്കേറ്റ ചികിത്സയിലായിരുന്ന കച്ചവടക്കാരൻ ശശിധരൻ (65) പിന്നീടു മരിച്ചു. കനാൽ കവല മുതൽ ഉറുകുന്ന് കവല വരെ വേഗനിയന്ത്രണം ഏർപ്പെടുത്താത്തിനാൽ അപകടങ്ങൾ കുറയുന്നില്ല. അതിർത്തിയായ കോട്ടവാസൽ മുതൽ പുനലൂർ വരെ ദേശീയപാതയിലെ 46 കിലോമീറ്ററിൽ സഞ്ചാരം അപകടഭീതിയിലായിട്ടും സുരക്ഷയിലെ വീഴ്ച പരിഹരിക്കാൻ വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. അപകടങ്ങൾ വരുത്തുന്നത് പതിവായതോടെ തമിഴ്നാട്ടിൽ പാറപ്പൊടി, ക്വാറി ഉൽപന്നങ്ങളുമായി വരുന്ന ചരക്കുലോറികൾക്കു പുളിയറയിലെ അതിർത്തി ചെക്പോസ്റ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.