പ്രഷർ ടെസ്റ്റിങ്: പൈപ്പ് പൊട്ടി സർവീസ് റോഡ് തകർന്നു
Mail This Article
ചാത്തന്നൂർ ∙ പ്രഷർ ടെസ്റ്റിങ്ങിനിടെ ദേശീയപാതയിലെ സർവീസ് റോഡ് തകർത്തു പൈപ്പ് ലൈൻ പൊട്ടി. വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. ഒരാഴ്ചയ്ക്കിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ്. ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിനു സമീപം ഇന്നലെ രാവിലെ 9.10നാണ് സംഭവം. ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പുനലൂരിൽ നിന്നുള്ള പമ്പിങ് ലൈനാണ് തകർന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ മർദം പരിശോധിക്കുമ്പോഴാണ് സംഭവം.
പൈപ്പ് പൊട്ടിയതോടെ വളരെ ശക്തമായി വെള്ളം ഒഴുകി സർവീസ് റോഡ് തകർന്നു. പ്രദേശമാകെ വെള്ളവും ചെളിയും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഒരാഴ്ച മുൻപ് ഇതിനു സമീപം പെട്രോൾ പമ്പിനു മുന്നിലും സമാനരീതിയിൽ പൈപ്പ് പൊട്ടി സർവീസ് റോഡ് തകർന്നിരുന്നു. അന്ന് ബൈക്ക് യാത്രക്കാരൻ കടന്നു പോയതിനു പിന്നാലെയാണ് പൈപ്പ് പൊട്ടിയത്. അടിക്കടി സംഭവം ഉണ്ടാകുന്നതിനാൽ പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.