വാട്ടർ കണക്‌ഷൻ ബിൽ, 'വെള്ളം കുടിപ്പിച്ച്' ജലവിഭവ വകുപ്പ്; ഉപയോഗിക്കാത്ത വെള്ളത്തിനു 18,000 രൂപ
Mail This Article
കടയ്ക്കൽ∙ ജലവിഭവ വകുപ്പിൽ നിന്നു കണക്‌ഷൻ എടുത്ത ഉപയോക്താക്കൾ കുരുക്കിൽ. ഉപയോഗിക്കാത്ത വെള്ളത്തിനു ബിൽ അടയ്ക്കേണ്ട സ്ഥിതി. ബിൽ കുടിശിക വന്നത് മൂലം റവന്യു വകുപ്പ് വഴി ജപ്തി നടപടിയിൽ പെട്ടിരിക്കുകയാണ് പലരും. ജല ജീവൻ പദ്ധതി വഴി കണക്‌ഷൻ എടുത്തുവരാണ് കൂടുതലും വെട്ടിലായത്. കണക്‌ഷൻ നൽകിയപ്പോൾ പല ഭാഗത്തും വെള്ളം ലഭിച്ചിരുന്നില്ല.
വെള്ളം കിട്ടാതെ ബിൽ ലഭിച്ചെന്നു കാണിച്ചു പലരും ജല അതോറിറ്റിയെ സമീപിച്ചു. ബിൽ അടയ്ക്കൂ പിന്നീട് പരിശോധിക്കാം എന്നായിരുന്നു ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. വെള്ളം കിട്ടാത്തതിനാൽ ബിൽ അടയ്ക്കാൻ കഴിയില്ലെന്നു പലരും അറിയിച്ചു. മീറ്റർ തിരിച്ചെടുക്കണമെന്നു അപേക്ഷ നൽകിയവർക്കു പിന്നീടും ബിൽ അയച്ചുവെന്നാണു പരാതി.
ആൽത്തറമൂട് ദേവീ ക്ഷേത്രത്തിന് സമീപത്തെ ഉപയോക്താവിന് 18,000 രൂപയാണ് ബിൽ കുടിശിക. ബിൽ അടയ്ക്കാത്തതിനാൽ റവന്യു റിക്കവറി നടപടിയിൽ എത്തി. വെള്ളം കിട്ടാതിരിക്കുകയും ബിൽ കൃത്യമായി വന്നതോടെ ജലവിഭവ വകുപ്പിന്റെ കടയ്ക്കൽ ചിങ്ങേലിയിൽ സെക്‌ഷൻ ഓഫിസിൽ പോയി പരാതി നൽകിയതായി ഉപയോക്താവ് പറയുന്നു. എന്നാൽ പല തവണ പരാതി വാങ്ങിയെങ്കിലും നടപടി സ്വീകരിച്ചില്ല. പിന്നിടും ബിൽ അയച്ചു. വില്ലേജ് ഓഫിസിൽ നിന്നു ഉദ്യോഗസ്ഥർ എത്തി പണം അടപ്പിക്കാൻ സമ്മർദം തുടങ്ങി. ജലഅതോറിറ്റി ഓഫിസിൽ ചെന്നാൽ ശരിയായ മറുപടി ലഭിക്കുന്നില്ലെന്നു ഉപയോക്താവ് പറയുന്നു.
കടയ്ക്കൽ തളിയിൽ ക്ഷേത്രത്തിന് സമീപത്തു രേവതിയിൽ കെ.വിജയന്റെ പരാതി മീറ്റർ റീഡിങ് കൃത്യമായി എടുത്തിട്ടും അധികം തുകയുടെ ബിൽ നൽകിയെന്നാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 342 യൂണിറ്റ് ഉപയോഗിച്ചതിന് 514രൂപയുടെ ബിൽ അടച്ചു. എന്നാൽ ഒക്ടോബറിൽ വെള്ളം ഉപയോഗിച്ചില്ല. അപ്പോഴും 514 രൂപ തന്നെ ആവർത്തിച്ച് വന്നു. ബിൽ തുക അടച്ചു. അടുത്ത മാസം രണ്ടു യൂണിറ്റ് ഉപയോഗിച്ചതിനും അതേ ബിൽ തുകയെത്തി.
മീറ്റർ റീഡിങ് എടുക്കാൻ എത്തിയവരോട് കാര്യം തിരക്കിയപ്പോൾ വെള്ളം ഉപയോഗിച്ചില്ലെങ്കിലും തലേ മാസത്തെ ബിൽ തുക വരുമെന്ന് അറിയിച്ചു. പിന്നെ എന്തിനാണ് മീറ്റർ റീഡിങ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. പരാതിയുമായി വിജയൻ കടയ്ക്കൽ ചിങ്ങേലിയിലുള്ള ജലഅതോറിറ്റി ഓഫിസിൽ എത്തിയപ്പോൾ ബിൽ തുക അടയ്ക്കൂ അടുത്ത മാസം കുറയും എന്നായിരുന്നു മറുപടി. മീറ്റർ റീഡിങ് എടുക്കുകയും പിന്നീട് തലേ മാസത്തെ ബിൽ ആവർത്തിച്ച് അയക്കുന്നതിനെ കുറിച്ചു ചോദിച്ചാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ലെന്നു വിജയൻ പറയുന്നു.