ഇന്ത്യക്കാരുടെ ഭാഷ ഏകീകരിക്കാൻ നീക്കം: എൻ.എസ്.മാധവൻ
Mail This Article
കൊല്ലം∙ നൂറു കോടി ഇന്ത്യക്കാരുടെ ഭാഷ ഒരു ഭാഷയാക്കി മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സ്പെയിനിൽ ഏകഭാഷാ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഒരു തലമുറയ്ക്ക് ഇല്ലായ്മ ചെയ്ത ഭാഷ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയപ്രചാരണത്തിൽ ലൈബ്രറികളുടെ പങ്ക് തിരിച്ചറിഞ്ഞാണ് സീസർ, അലക്സാൻഡ്രിയ ലൈബ്രറി ക്രിസ്തുവിനു മുൻപുള്ള കാലത്തു കത്തിച്ചത്. മുഗളരുടെ കടന്നുവരവിൽ ഇന്ത്യയ്ക്കു നഷ്ടമായത് നളന്ദ സർവകലാശാലയിലെ ഗ്രന്ഥശാലയാണ്. ഗ്രന്ഥങ്ങൾ കത്തിത്തീരാൻ ഏകദേശം ആറു മാസം സമയമെടുത്തു. ജർമനിയിലെ നാത്‌സി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ജർമൻ സ്റ്റുഡന്റ്സ് യൂണിയൻ ലൈബ്രറികളിലെ പുസ്തകങ്ങൾ പുറത്തിട്ടു കത്തിച്ചത് ഒരു അനുഷ്ഠാനം പോലെയായിരുന്നു. ആശയം പ്രചരിപ്പിക്കാനുള്ള ഉപാധി എന്ന നിലയിൽ അന്നും ഇന്നും പുസ്തകങ്ങൾക്കു പ്രാധാന്യമുണ്ട്. കേരളത്തിന്റെ ഭൗതിക വികസനത്തിന്റെ ഭാഗമാണ് ലൈബ്രറികൾ എന്നും മാധവൻ പറഞ്ഞു.
ഏകാന്തതയിൽ മുഴുകുന്ന എഴുത്തുകാരെ പുരസ്കാരങ്ങളാണ് ഉണർത്തുന്നതെന്ന് 2022ലെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. പ്രത്യയശാസ്ത്രങ്ങളും സമൂഹവും രാജ്യങ്ങളും പ്രപഞ്ചവും ഇപ്പോൾ ഏകാന്തതയിലാകുന്നു. ലോകത്തിന്റെ പല കോണുകളിൽ നിന്നു കേൾക്കുന്ന രോദനങ്ങൾക്കു ചെവി കൊടുക്കുക എന്നതാണ് എഴുത്തുകാരന്റെ ദൗത്യം. മനുഷ്യർക്ക് സങ്കടങ്ങളുള്ള കാലത്തോളം എഴുത്തുകാർക്കു പണിയുണ്ട്. പുസ്തകത്തെ മണക്കാം, ഉമ്മ വയ്ക്കാം എന്ന ചിന്തയിലാണ് ലോകം പുസ്തകങ്ങളിലേക്കു മടങ്ങുന്നത്. കോഴിക്കോട് നടന്ന ഹോർത്തൂസ് സാഹിത്യ മേളയിൽ എത്തിയത് യുവതലമുറയാണ്. സമൂഹത്തിൽ നിൽക്കുന്ന ഫാഷിസത്തെ എഴുത്തുകൊണ്ടു പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായിരുന്നു. കൗൺസിൽ സെക്രട്ടറി വി.കെ. മധു, എഴുത്തുകാരി ഹരിത സാവിത്രി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, പൊൻകുന്നം സെയ്ദ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എ.പി. ജയൻ, എസ്.നാസർ, കെ.ബി.മുരളീകൃഷ്ണൻ, ഡി. സുകേശൻ തുടങ്ങിയവർ പ്രസംഗിച്ചു. കടമ്മനിട്ട പുരസ്കാരം ഹരിത സാവിത്രിയും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം പി.എൻ. പണിക്കർ പുരസ്കാരം പൊൻകുന്നം സയ്ദും സ്വീകരിച്ചു. മികച്ച ഗ്രന്ഥശാലകൾക്കും ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ വിജയികളായവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.