ജൈവവൈവിധ്യ പാർക്ക്: ഒടുവിൽ കാടു തെളിച്ചു; പുരോഗതിയുടെ വഴി തെളിയുന്നു
Mail This Article
പൂതക്കുളം∙ ജൈവവൈവിധ്യ സംരക്ഷണവും ടൂറിസം വളർച്ചയും ലക്ഷ്യം വച്ചു പൂതക്കുളം ചമ്പാൻചാലിൽ സ്ഥാപിച്ച ജൈവവൈവിധ്യ പാർക്കിന് ഒടുവിൽ ശാപമോക്ഷം. 4 വർഷത്തിലേറെയായി പാർക്ക് കാടുകയറി ‘പാമ്പ് വളർത്തൽ’ കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറിയിരുന്നു. കാട് തെളിച്ചു പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പേരും ശാസ്ത്രീയനാമവും മറ്റ് വിവരങ്ങളും ലഭിക്കാൻ എല്ലാ സസ്യങ്ങളുടെ ചുവട്ടിലും ക്യുആർ കോഡുകൾ സ്ഥാപിച്ചു.
ഇരുമ്പ് ബെഞ്ചുകൾ സന്ദർശകർക്ക് ഉപയോഗിക്കാവുന്ന തരത്തിലിക്കിയിട്ടുണ്ട്. പൂതക്കുളം പഞ്ചായത്ത് സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്നു പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ 4 വർഷങ്ങൾക്ക് മുൻപാണ് ഇടവ-നടയറ കായൽ തീരത്ത് ജൈവ വൈവിധ്യ പാർക്ക് സ്ഥാപിച്ചത്. ഔഷധ ചെടികളും വിവിധയിനം മരങ്ങളും 2 ലക്ഷത്തോളം രൂപ ചെലവിട്ട് ജൈവ വൈവിധ്യ ബോർഡ് പ്രദേശത്ത് നട്ടുവളർത്തി. ഉദ്യാനത്തിന്റെ പരിപാലനം പഞ്ചായത്തിനെ ഏൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിപാലനം ശരിയായി നടക്കാത്തതിനാൽ പാർക്ക് കാടുകയറി. പാർക്കിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഒരിടവേളയ്ക്ക് ശേഷം നവീകരണം ആരംഭിച്ചത്.
പാർക്കിന് സംരക്ഷണ വേലിയില്ലാത്തതിനാൽ രാത്രി സാമൂഹികവിരുദ്ധർക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കും. പാർക്കുനുള്ളിലെ കാടുകൾ തെളിച്ചെങ്കിലും പാർക്കിന്റെ പരിസര പ്രദേശങ്ങൾ കാടുകയറിയ നിലയിലാണ്. സംരക്ഷണവേലി ഇല്ലാത്തതിനാൽ കാടുവെട്ടി തെളിച്ചാലും ദിവസങ്ങൾക്കകം വീണ്ടും കാടുകയറുന്ന അവസ്ഥയാകും. ജൈവവൈവിധ്യ പാർക്ക് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചാൽ മേഖലയുടെ ടൂറിസം സാധ്യതകൾക്ക് ഗുണമാകും. ഇടവ–നടയറ കായൽ സവാരിയടക്കമുള്ള കാര്യങ്ങൾ പഞ്ചായത്ത് ആസൂത്രണം ചെയ്താൽ ഒട്ടേറെ പേർക്ക് തൊഴിൽ അവസരം ലഭിക്കും.