കൊല്ലം റവന്യു ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ
Mail This Article
കൊട്ടാരക്കര∙ നാട്യകലയുടെ ഈറ്റില്ലത്തിൽ നടന വൈഭവത്തിന്റെ തിരിതെളിയാൻ ഇനി ദിനസങ്ങൾ മാത്രം. 63-ാം കൊല്ലം റവന്യു ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30വരെ കഥകളിയുടെ നാട്ടിൽ അരങ്ങേറും. 14 വേദികളിലായി പതിനായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 26ന് 9.30ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രചനാ മത്സരങ്ങളോടെ കലോത്സവത്തിനു തുടക്കമാകും. 27ന് രാവിലെ 9.30ന് അവതരണ ഇനങ്ങൾ തുടങ്ങും. 3.30ന് മേളയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. 30ന് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എസ്.ആർ.രമേശ്, എച്ച്എസ്എസ് റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ.സുധ എന്നിവർ അറിയിച്ചു. ജനറൽ വിഭാഗത്തിൽ ഹയർ സെക്കൻഡറിയിൽ 104 ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും യുപി വിഭാഗത്തിൽ 38 ഇനങ്ങളിലുമാണ് മത്സരം. സംസ്കൃതോത്സവം, അറബിക് കലോത്സവം ഉൾപ്പെടെ 307 ഇനങ്ങളാണുള്ളത്. ഗോത്ര കലകളിലെ 10 ഇനങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.12 സബ് ജില്ലകളിൽ നിന്നായി 3253 കുട്ടികളാണ് റജിസ്ട്രേഷൻ ചെയ്തത്.
വേദികൾ
1.കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ട്, 2.കൊട്ടാരക്കര ബോയ്സ് എച്ച്എസ്എസ് കോംപൗണ്ട്, 3. കൊട്ടാരക്കര വിഎച്ച്എസ് ഇ ഹാൾ, 4.കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ ഹാൾ, 5.കടലാവിള കാർമൽ സ്കൂൾ, 6.കാർമൽ ഓഡിറ്റോറിയം, 7.തൃക്കണ്ണമംഗൽ എൽഎംഎസ് എൽപിഎസ്, 8.തൃക്കണ്ണമംഗൽ എസ്കെവി വിഎച്ച്എസ്എസ്, 9. ജിഎൽപിഎസ് തൃക്കണ്ണമംഗൽ,10.കിഴക്കേത്തെരുവ് സെന്റ് മേരീസ് എച്ച്എസ്.11.കൊട്ടാരക്കര ടൗൺ യുപിഎസ്, 12.കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്കൂൾ, 13.കൊട്ടാരക്കര മാർത്തോമ്മാ എൽപിഎസ്, 14.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്എസ് .