കാറിടിച്ച് വ്യാപാരിയുടെ മരണം: 31 മാസം കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനായില്ല
Mail This Article
പുനലൂർ ∙ മലയോര ഹൈവേയിൽ പ്രഭാത സവാരിക്കിടെ വ്യാപാരി കാറിടിച്ച് കൊല്ലപ്പെട്ടിട്ട് 31 മാസം കഴിഞ്ഞിട്ടും ഇടിച്ച വാഹനത്തെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പുനലൂർ തൊളിക്കോട് ലില്ലി നിവാസിൽ മാത്യു (58) വാണ് അപകടത്തിൽ മരിച്ചത്.2022 ഏപ്രിൽ 9ന് പുലർച്ചെ 5.30ന് കെഎസ്ആർടിസി ഡിപ്പോയ്ക്കും ഫയർ സ്റ്റേഷനും മധ്യേയുള്ള ഭാഗത്ത് വച്ച് പിന്നിൽ നിന്നെത്തിയ കാറിടിച്ച് മാത്യുവിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കാർ നിർത്താതെ പോയി.
റോഡിന്റെ മറുവശത്തുകൂടി നടന്നവർ ഓടിക്കൂടി സമീപത്തെ ഫയർ സ്റ്റേഷനിലെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്കും വലത് കാൽമുട്ടിനും പരുക്കേറ്റ മാത്യു ചികിത്സയിലിരിക്കെ ഏപ്രിൽ 14ന് മരിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയും രണ്ട് തവണ സ്ഥല പരിശോധന നടത്തുകയും ചെയ്തു. നിരീക്ഷണ ക്യാമറകളിൽ കാർ പോകുന്ന ദൃശ്യം ഉണ്ടെങ്കിലും വാഹനം തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഈ പാതയിൽ കരവാളൂർ, അഞ്ചൽ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. മകൾ കുടുംബമായി മാലിദ്വീപിലാണ്. ഭാര്യ വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞിരുന്നു. മാത്യുവിന്റെ സഹോദരനാണ് ഇപ്പോൾ തൊളിക്കോട് കാറ്റാടി വ്യാപാരം നടത്തിവരുന്നത്. ശത്രുക്കളോ ഒന്നും ഉള്ള ആളായിരുന്നില്ല മാത്യു എന്നാണ് ബന്ധുക്കൾ പറയുന്നത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൃത്യമായ വിവരങ്ങൾ അറിയുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കൾ.