കുരീപ്പുഴ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്: പൈപ്‌ലൈൻ പിന്നെ... പരീക്ഷണം മുൻപേ...
Mail This Article
കൊല്ലം ∙ ദ്രവമാലിന്യ സംസ്കരണത്തിന് കൊല്ലം കോർപറേഷൻ കാവനാട് കുരീപ്പുഴയിൽ നിർമിച്ച സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ‘പരീക്ഷണ പ്രവർത്തനം’ (ട്രയൽ റൺ) തുടങ്ങുന്നു. നഗരത്തിലെ വീടുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെ ദ്രവമാലിന്യം പ്ലാന്റിൽ എത്തിക്കുന്നതിനുള്ള പൈപ്‌ലൈൻ സ്ഥാപിക്കാൻ 2 വർഷം കൂടി വേണ്ടിവരുമെന്നിരിക്കെയാണ് പരീക്ഷണ പ്രവർത്തനം തുടങ്ങുന്നത്. പൈപ്പ്‌ലൈൻ പൂർണമായി സ്ഥാപിക്കാതെ ട്രയൽറൺ നടത്തിയിട്ടു കാര്യമുണ്ടോയെന്നാണു നഗരവാസികളുടെ ചോദ്യം. പ്ലാന്റിൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തുന്നത്. ഇതിന് ആവശ്യമായ ഡീസൽ ജനറേറ്റർ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 12 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിന്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപ ചെലവഴിച്ചാണു പ്ലാന്റ് നിർമിച്ചത്.
പൈപ്‌ലൈൻ വൈകും
പ്ലാന്റിന്റെ നിർമാണത്തോടൊപ്പം പണി പൂർത്തിയാകേണ്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്ന നടപടി അനിശ്ചിതമായി തുടരുകയാണ്. പള്ളിത്തോട്ടം എച്ച് ആൻഡ് സി, തങ്കശ്ശേരി കരുമാലിൽ, ഇരുമ്പുപാലം, വാടി എന്നിങ്ങനെ 4 മേഖലകളായി തിരിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലി. ഇതിൽ പള്ളിത്തോട്ടത്തെ പണി മന്ദഗതിയിലാണ്. മറ്റു 3 മേഖലകളിൽ പണി മുടങ്ങിക്കിടക്കുകയാണ്.വിവിധ സ്ഥലങ്ങളിൽ കിണറുകൾ നിർമിച്ചു മാലിന്യം അതിൽ സംഭരിച്ച ശേഷം പമ്പ് ചെയ്തു 600 എംഎം ഉൾപ്പെടെ വ്യാസമുള്ള പൈപ്പുകളിലൂടെയാണ് പ്ലാന്റിൽ എത്തിക്കേണ്ടത്. പണി തുടങ്ങിയാൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാൻ 2 വർഷം വേണ്ടി വരുമെന്നാണു വിലയിരുത്തൽ. 30 മീറ്റർ ഇടവിട്ട് മാൻഹോൾ നിർമിച്ചാണ് പൈപ്‌ലൈൻ സ്ഥാപിക്കുന്നത്. മണൽ പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഉണ്ടാകും. സാവകാശം മാത്രമേ പണി പുരോഗമിക്കുകയുള്ളു.
ശുചിമുറി മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് സംസ്കരിക്കും
പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനു കാലതാമസം ഉണ്ടാകുമെന്നതിനാൽ ശുചിമുറി മാലിന്യം ടാങ്കറിൽ കൊണ്ടുവന്നു സംസ്കരിക്കും. പ്രതിദിനം 50,000 ലീറ്റർ സംസ്കരണ ശേഷിയുള്ള പ്ലാന്റ് നിർമിക്കും. പ്ലാന്റ് നിർമാണത്തിന് 4 തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ നൽകാനായില്ല. കരാർ നൽകിയാൽ 4 മാസത്തിനകം പ്ലാന്റ് നിർമിക്കാനാകും. ശുചിമുറി മാലിന്യം ലോറിയിൽ കൊണ്ടുവരുന്നതിന്റെ അനുബന്ധ പ്രശ്നങ്ങളും നേരിടേണ്ടി വരും.
4 പതിറ്റാണ്ട് പിന്നിട്ട പദ്ധതി
നാലു പതിറ്റാണ്ട് പിന്നിട്ട പദ്ധതിയാണ് ദ്രവമാലിന്യ സംസ്കരണ പ്ലാന്റ്. കരുമാലിൽ സുകുമാരൻ നഗരസഭാ ചെയർമാൻ ആയിരുന്നപ്പോഴാണ് പദ്ധതി തുടങ്ങിയത്. അന്നു 38 കിലോമീറ്റർ നീളത്തിൽ വ്യാസമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു. ഭരണം മാറിയതോടെ നിർമാണം മുടങ്ങി. 2010ന് ശേഷമാണ് പുനരാരംഭിച്ചത്. ആദ്യം സ്ഥാപിച്ചതിൽ 33 കിലോമീറ്റർ പൈപ്പ് ലൈൻ ഉപയോഗ പ്രദമാണെന്ന് കണ്ടെത്തിയിരുന്നു. സുസ്ഥിര നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2012ൽ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ 60 കോടി രൂപ സഹായത്തോടെയാണ് കരാർ നൽകി. പണി തുടങ്ങിയെങ്കിലും പ്രാദേശിക പ്രതിഷേധം മൂലം മുടങ്ങി. നീട്ടി നൽകിയ കാലാവധിയിലും പണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. പിന്നീടാണ് കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാന്റ് നിർമിച്ചത്.