കൊല്ലം–തേനി ദേശീയപാത: 3 എ വിജ്ഞാപനം ഒരു മാസത്തിനകം; നിർമിക്കുന്നത് സർവീസ് റോഡ് ഇല്ലാതെ നാലുവരി പാത
Mail This Article
കൊല്ലം ∙ കൊല്ലം–തേനി ദേശീയപാത –183 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 എ വിജ്ഞാപനം ഒരു മാസത്തിനകം. ഇതിനായി കൊല്ലം ജില്ലയിൽ കൊല്ലം സ്പെഷൽ തഹസിൽദാരെയും (എൽഎ) ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സ്പെഷൽ തഹസിൽദാരെയും ചുമതലപ്പെടുത്തി. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാഥമിക വിജ്ഞാപനമാണ് 3 എ. ഭൂമിരാശി പോർട്ടലിലാണ് ഒരുമാസത്തിനകം അപ്‌ലോഡ് ചെയ്യുക. തുടർന്ന് അതിർത്തിക്കല്ലിട്ട്, വിശദമായ 3 ഡി വിജ്ഞാപനം പുറപ്പെടുവിക്കും. 3എ വിജ്ഞാപനം നടത്തിയാൽ ഒരു വർഷത്തിനകം 3ഡി വിജ്ഞാപനം പുറപ്പെടുവിക്കണം.
എന്നാൽ കൊല്ലം–തേനി പാതയ്ക്കുള്ള 3 ഡി വിജ്ഞാപനം 4 മാസത്തിനകം പുറപ്പെടുവിക്കുന്ന രീതിയിൽ സർവേ നടപടികൾ നടത്താനാണ് ആലോചന. അലൈൻമെന്റ് സംബന്ധിച്ചു വിവിധ പ്രദേശങ്ങളിലുള്ളവർ തർക്കവും അവകാശവാദവും ഉന്നയിച്ചിരുന്നതിനാൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന് ദേശീയപാത അധികൃതർ കർശന നിലപാട് സ്വീകരിച്ചിരുന്നു. റോഡ് നിർമാണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും തീരുമാനം ഉണ്ടായില്ലെങ്കിൽ വികസനം ഉപേക്ഷിക്കേണ്ടി വരുമെന്നും നിലപാട് സ്വീകരിച്ചിരുന്നു.
∙ സർവീസ് റോഡ് ഇല്ലാതെ നാലുവരി പാത (കൊല്ലം കപ്പലണ്ടിമുക്ക്– ആശ്രാമം മുനീശ്വരൻ കോവിൽ റോഡ് മാതൃക) യാണ് നിർമിക്കുന്നത്. മീഡിയനും വശങ്ങളിൽ നടപ്പാതയും ഉണ്ടാകും.
∙ കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ കടവൂർ ഒറ്റക്കൽ ഭാഗം വീതി കൂട്ടുന്നതിനുള്ള അനുമതിക്ക് പ്രത്യേക നിർദേശം സമർപ്പിക്കും. ഈ മേഖലയിൽ ടാറിങ് നടത്തി റോഡ് നവീകരിക്കാനാണ് നിലവിലെ വിശദമായ പദ്ധതി രേഖയിൽ (ഡിപിആർ) നിർദേശിച്ചിട്ടുള്ളത്.
∙ ദേശീയപാത 16 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്ന ധാരണയിൽ, ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചു പ്രാഥമിക കണക്കെടുപ്പ് നടത്തിയിരുന്നു. കൊല്ലം ജില്ലയിൽ 15 ഹെക്ടർ ഭൂമിയും ആലപ്പുഴ ജില്ലയിൽ 7 ഹെക്ടറും ഏറ്റെടുക്കേണ്ടിവരും. 24 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും.
∙ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബൈപാസ് പരിഗണിക്കും. നിലവിലുള്ള പാതയിൽ ആരാധനാലയങ്ങൾ ഉൾപ്പെടെ വലിയ നിർമിതികൾ ഉണ്ട്. ചില സ്ഥലങ്ങളിൽ 90 ഡിഗ്രി വളവ് ഉള്ളതായും ദേശീയപാത അധികൃതർ വിലയിരുത്തുന്നുണ്ട്.