പോരുവഴി പഞ്ചായത്തിൽ വ്യാപക മോഷണം; ആശങ്കയോടെ നാട്ടുകാർ
Mail This Article
ശാസ്താംകോട്ട ∙ പോരുവഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി മോഷണം പതിവാകുന്നു. ഒട്ടേറെ വീടുകളിൽ നിന്ന് റബർ ഷീറ്റുകളും മോട്ടറുകളും നഷ്ടമായി. അമ്പലത്തുംഭാഗം ശാസ്താംനട ജംക്‌ഷനിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 റബർ ഷീറ്റുകൾ കവർന്നു. ഏഴാംമൈൽ– തെങ്ങമം റോഡിലൂടെ അജ്ഞാത സംഘം രാത്രി നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സമീപത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം റബർ ഷീറ്റുകൾ നഷ്ടമായെന്നു പരാതിയുണ്ട്. ഇടയ്ക്കാട് തെക്ക് കുമ്പിളുവിള ജംക്‌ഷനു സമീപത്തെ വീടിന്റെ മതിൽ ചാടിയ സംഘം മുറ്റത്തെ മരത്തിലൂടെ കയറി ടെറസിലെത്തി. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ കണ്ട് മോഷണശ്രമം ഉപേക്ഷിച്ചു.
വീടിന്റെ മുകളിൽ അലക്കിയിട്ടിരുന്ന കൈലി ഉപയോഗിച്ച് മുഖം മറച്ച സംഘം തിരികെയിറങ്ങി സിസിടിവി ക്യാമറകൾ തകർത്തു. റോഡിലൂടെ നടന്നു വന്ന സംഘം സമീപത്തെ വീടിന്റെ മതിൽ ചാടുന്നതും മുഖം മറയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നാണ് സിസിടിവി സംവിധാനം തകർത്തത്. ഇവർ ഉപയോഗിച്ച ആയുധങ്ങൾ സമീപത്ത് നിന്നും കണ്ടെത്തി. ശൂരനാട് പൊലീസെത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇടയ്ക്കാട് തെക്ക് കാഞ്ഞിരക്കുറ്റിവിള ജംക്‌ഷനു സമീപത്തെ 10 വീടുകളുടെ കിണറുകളിൽ നിന്ന് മോട്ടർ കവർന്ന സംഘത്തെയും കണ്ടെത്താനായില്ല.
വെള്ളത്തിൽ മുങ്ങി കിടക്കുന്ന തരത്തിലുള്ള മോട്ടറുകളാണ് നഷ്ടമായത്. വൈദ്യുതി കേബിളുകളും ഹോസുകളും അറുത്ത് മാറ്റിയ ശേഷമാണ് മോഷണം നടത്തിയത്. വടക്കേമുറി പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ നിന്ന് സന്ധ്യയ്ക്ക് പാത്രങ്ങൾ മോഷ്ടിച്ച് കടത്താനുള്ള ശ്രമത്തിനിടെ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും മോഷണ സംഘങ്ങളെ കണ്ടെത്തി ജനവാസ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് ആവശ്യം.