ഉമയനല്ലൂർ ഏലാ റോഡ് ക്യാമറയ്ക്കു മുന്നിലും മാലിന്യം! ആരെ പേടിക്കാൻ
Mail This Article
കൊട്ടിയം∙ പച്ചപ്പണിഞ്ഞു നിൽക്കുന്ന ഉമയനല്ലൂർ പാടത്തിനു മധ്യേയുള്ള ഏലാ റോഡ് കാടുമൂടി. റോഡരികിൽ മാലിന്യം തള്ളുന്നതു പതിവായതായി പരാതി. ഇവിടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾക്കു മുന്നിലും മാലിന്യം കവറുകളിലാക്കി തള്ളുകയാണ്.റോഡ് മനോഹരമാക്കാനായി ലക്ഷങ്ങൾ ചെലവാക്കി നട്ട തണൽ മരങ്ങളുടെ തൈകൾ പകുതിയും കാണാനില്ല. ഇവിടെയെല്ലാം ഇപ്പോൾ ഒരാൾ പൊക്കത്തിൽ കാട് വളർന്നു. മാലിന്യം തള്ളുന്നതു കാരണം രാത്രി വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും പ്രഭാത സവാരിക്കാർക്കും ബുദ്ധിമുട്ടായി.തെരുവുനായ്ക്കളുടെ ശല്യവും ഉണ്ട്.
മാലിന്യങ്ങൾ തള്ളുന്നതു നെൽകർഷകർക്കും വെല്ലുവിളിയാണ്.പാടത്തേക്കു വീഴുന്ന മാലിന്യങ്ങൾ മണ്ണിൽ ലയിച്ചാൽ മണ്ണിന്റെ ഘടനയ്ക്കു തന്നെ മാറ്റം സംഭവിക്കുകയും കൃഷിയെ ബാധിക്കുകയും ചെയ്യുമെന്നാണു കർഷകർ പറയുന്നത്. ഏലാ റോഡിന്റെ ഒരു ഭാഗത്തു മാത്രമാണ് തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്താൽ കാട് വെട്ടിത്തെളിച്ചത്. 3 വാർഡുകളുടെ സംഗമമാണ് ഉമയനല്ലൂർ ഏലാ. പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണു നാട്ടുകാരുടെ പരാതി.ക്യാമറകളുടെ ദൃശ്യങ്ങൾ പഞ്ചായത്ത് ഒാഫിസിലും വാർഡ് മെമ്പർമാരുടെ ഫോണിലും ലഭ്യമാകും. എന്നാൽ അവർ ഇവ പരിശോധിക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. നടപടി ഉണ്ടാകില്ലെന്ന ഉറപ്പിലാണു ക്യാമറയ്ക്കു മുന്നിലും മാലിന്യം തള്ളുന്നതെന്നാണ് ആക്ഷേപം.