ഇക്കുറി(യും) ശുചീകരണം മുടങ്ങിയേക്കും
Mail This Article
പുനലൂർ ∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വേനലിൽ വെള്ളം എത്തിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) ഇടതു, വലതുകര മെയിൽ കനാലുകളിൽ ഫണ്ടിന്റെ അപര്യാപ്തത മൂലം ഇക്കുറി ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങിയേക്കും. കനാലിന്റെ വശങ്ങളിലെ കാടുകൾ വെട്ടി മാറ്റിയില്ലെങ്കിൽ ആദ്യം വെള്ളം തുറന്നു വിടുമ്പോൾ ചപ്പുചവറുകൾ എത്തി തങ്ങി നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. നേരത്തെ സമാന സ്വഭാവമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കുറി ഉപകനാലുകളുടെ ശുചീകരണത്തിനു മാത്രമാണ് ജലസേചന വകുപ്പ് ഫണ്ട് നീക്കി വച്ചിരിക്കുന്നത്. നേരത്തെ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി മെയിൻ കനാലുകൾ ശുചീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ആവർത്തന സ്വഭാവമുള്ള പ്രവൃത്തി എന്ന നിലയിൽ മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ ശുചീകരണം സാധിക്കൂ എന്ന നിലപാടിലാണു ഭൂരിപക്ഷം പഞ്ചായത്തുകളും.
എന്നാൽ, ആലപ്പുഴ ജില്ലയിലെ കുറത്തിയാട് അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ കനാലുകൾ പഞ്ചായത്തുകൾ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണം ആരംഭിച്ചിട്ടുമുണ്ട്. നേരത്തെ ഡിസംബറിലാണു കനാലുകൾ വഴി ജലസേചനം ആരംഭിച്ചിരുന്നത്. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതു മൂലം വെള്ളം തുറന്നു വിടുന്നത് ജനുവരി ആദ്യ വാരവും രണ്ടാം വാരം വരെയും എത്തിയിരുന്നു. ഈ വർഷം കനാലുകൾ വഴി വെള്ളം ഒഴുക്കുമ്പോൾ തെന്മല ഡാമിലെ ജല ലഭ്യതയും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്തുന്നതിനാൽ ഓണത്തിന് മുൻപ് കൂടുതൽ വെള്ളം കല്ലടയാർ വഴി ഒഴുക്കി കളഞ്ഞതാണു പ്രശ്നമായത്. നവംബറിൽ 115 മീറ്റർ ജലനിരപ്പ് വേണ്ട സ്ഥാനത്ത് ഇന്നലെ ഡാമിലെ ജലനിരപ്പ് 113.22 മീറ്റർ മാത്രമാണ്.
തുലാവർഷത്തിൽ കാര്യമായ മഴ ലഭിച്ചതുമില്ല. ദുരന്ത നിവാരണത്തിന്റെ ഭാഗമായി മുൻകരുതൽ നടപടി എന്നോണം കലക്ടറുടെ നിയന്ത്രണത്തിൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്തി നിലനിർത്തുമ്പോൾ ആവശ്യത്തിനുള്ള വെള്ളം ഡാമിൽ ശേഖരിച്ചു നിർത്തുക എന്ന ജലസേചന വകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കനാൽ ശുചീകരണ വിഷയത്തിൽ അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് ജലസേചന വകുപ്പു വഴി ഫണ്ട് എത്തിച്ചാൽ മാത്രമേ ഇക്കുറി പ്രധാന കനാലുകൾ ശുചീകരിക്കാൻ സാധിക്കൂ. കനാൽ വെള്ളം കൊടും വേനലിൽ നേരത്തെ കാർഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇപ്പോൾ പ്രത്യക്ഷമായും പരോക്ഷമായും ശുദ്ധജലമായും ഉപയോഗിക്കേണ്ട സ്ഥിതിയാണ്. ഇടതുകര കനാൽ കടന്നുപോകുന്ന കരവാളൂർ പഞ്ചായത്ത് മേഖലയിൽ കനാലിന്റെ വശങ്ങളിൽ വളർന്ന വലിയ കാടുകൾ ചെറിയ മരത്തിനൊപ്പമെത്തി പലയിടത്തും. കാടുകൾ വെട്ടി മാറ്റിയില്ലെങ്കിൽ വെള്ളം തുറന്നു വിടുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും അടിയന്തര ഇടപെടൽ വേണം.
കനാൽ ശൃംഖല
രണ്ടു കനാലുകളിൽ നിന്നുമുള്ള ഉപകനാലുകളും ഡിസ്ട്രിബ്യൂട്ടറുകളും അടക്കം 912 കിലോമീറ്റർ ദൂരമാണു കല്ലട ജലസേചന പദ്ധതിയുടെ പൂർണമായ ശൃംഖല. കൊല്ലം ജില്ലയിൽ മാത്രം കടന്നുപോകുന്ന ഇടതുകര കനാലിന് 56 കിലോമീറ്റർ നീളവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന വലതുകര കനാലിന് 69.7 കിലോമീറ്റർ ദൂരവും ആണ് ഉള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ചെറുകിട ജലവാഹിനി വ്യൂഹ പദ്ധതിയാണ് കെഐപി.