ഒരുമയുടെ പ്രതീകമായി പട്ടാഴി ദേവീ ക്ഷേത്രക്കുളം
Mail This Article
പട്ടാഴി ∙ നാട്ടുകാരുടെ ഒരുമയുടെ പ്രതീകമായി പട്ടാഴി ക്ഷേത്രക്കുളം. കാട് മൂടി, ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരുന്ന പട്ടാഴി ദേവീക്ഷേത്രക്കുളം നയനമനോഹരമാക്കിയിരിക്കുകയാണു നാട്ടുകാർ ചേർന്ന്. 3.20 ലക്ഷം രൂപ സ്വരൂപിച്ചാണു നാട്ടുകാർ കുളം ശുചീകരിച്ചത്. പഴയ കൽക്കെട്ടുകൾ പുതുക്കിപ്പണിയുകയും, ഓട കെട്ടി വെള്ളം ഒഴുകി പോകാനുള്ള പാത തെളിക്കുകയും ചെയ്തു. ക്ഷേത്രക്കുളം ഭാഗത്തുള്ള റോഡിൽ നിന്നു കുളത്തിലേക്കു കടക്കാനുള്ള പാലം ഉൾപ്പെടെയാണു നവീകരിച്ചത്. കുളത്തിലെ മാലിന്യം പൂർണമായി പുറത്തേക്ക് കളഞ്ഞ്, വെള്ളം ശുദ്ധീകരിച്ചു. ശേഷം കടവിലെ മേൽക്കൂരയുടെ ഓട് പുതുക്കിയിട്ടു. ഇറങ്ങുന്ന ഭാഗത്ത് ഇന്റർ ലോക്ക് ഇട്ടു. വൈദ്യുതി തൂണുകളിൽ ലൈറ്റിട്ട് പ്രകാശമെത്തിച്ചു.
പടവുകളും ചുറ്റുമതിലും പെയിന്റടിച്ചു.ഇപ്പോൾ തന്നെ സന്ദർശകരുടെ കേന്ദ്രമായി മാറിയ ഇവിടെ ബെഞ്ചുകളും പുൽത്തകിടിയും സ്ഥാപിച്ച് സായാഹ്നങ്ങളിൽ കുടുംബ സമേതം എത്താനുള്ള ഇടമാക്കി മാറ്റാനാണ് ക്ഷേത്രോപദേശക സമിതിയുടെ തീരുമാനം. നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ച ക്ഷേത്രക്കുളം 28ന് രാവിലെ 9ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് കെ.ശേഖർ സമർപ്പിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബൈജു പുളിവിള, അനിൽ സി.ബാബു എന്നിവർ പറഞ്ഞു.