ADVERTISEMENT

വൈക്കം ∙ കൃഷ്‌ണഭക്‌തിയുടെ കടലറിവിലേക്കു ചെമ്മനത്ത് കവാടം തുറന്നു. ‌ഭാഗവത സന്ദേശങ്ങളുടെ വാക്കുകളും നാമജപസങ്കീർത്തനവുംകൊണ്ട് ഇവിടം ഇനി 22 വരെ സത്രഗ്രാമമായി മാറും. ആയിരക്കണക്കിനു ഭക്‌തരാണ് സത്രശ്രവണത്തിനായി ക്ഷേത്രത്തിലേക്ക്  എത്തുന്നത്. മുപ്പത്തിയേഴാമത് ഭാഗവത സത്രമാണ് ഇത്തവണത്തേത്. വിവിധ ദിവസങ്ങളിലായി ഒട്ടേറെ ആചാര്യന്മാർ ശ്രീകൃഷ്‌ണകഥകളുടെ സന്ദേശം ഭക്‌തമനസ്സുകളിലേക്കു പകരും.

ഭാഗവതസത്രത്തിനെത്തുന്ന എല്ലാവർക്കും അന്നദാനത്തിനും ശുദ്ധജലവിതരണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ പന്തലാണ് ക്ഷേത്രത്തിന്റെ അങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്. ഇന്നു പുലർച്ചെ അഞ്ചിനു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലുള്ള അഷ്‌ടദ്രവ്യ ഗണപതിഹോമത്തോടെ രണ്ടാം ദിനത്തിനു തുടക്കമാകും.  മഹാസത്രത്തിൽ എല്ലാ ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. കൂടാതെ വിഷ്ണു സഹസ്രനാമജപം, വേദ സൂക്ത മന്ത്രജപം, ഭാഗവതപാരായണം, നാരായണീയ പാരായണം, ഭജന, നാമസങ്കീർത്തനം, സംഗീത സദസ്, എന്നിവ ഉണ്ടായിരിക്കും.

സത്രവേദിയിൽ 105 ആചാര്യൻമാർ പ്രഭാഷണം നടത്തും.  ഭാഗവതത്തിന്റെ സമ്പൂർണമായ തത്വവിചാരമാണ് നടത്തുന്നത്. കലിദോഷശാന്തിക്കും ലോകനന്മയ്‌ക്കുമുള്ള ഉത്തമമാർഗമായ ഭഗവത്‌കഥാകഥനത്തിന്റെയും ശ്രവണത്തിന്റെയും വ്യത്യസ്‌തരൂപങ്ങളാണു ഭാഗവത സപ്‌താഹവും ഭാഗവതസത്രവും. സപ്‌താഹത്തിൽ പാരായണത്തിനാണു പ്രാധാന്യം; സത്രത്തിൽ പ്രഭാഷണത്തിനും. മഹാസത്രം 22 നു സമാപിക്കും.

സത്രവേദിയിൽ ഇന്ന് – പ്രഭാഷണങ്ങൾ 

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി – 8.30, സജീവ് മംഗലത്ത് – 9.00, കുറുവല്ലൂർ ഹരി നമ്പൂതിരി – 10.00, മിഥുനപ്പള്ളി വാസുദേവ നമ്പൂതിരി 11.00. ടി.ആർ.രാമനാഥൻ – 12.00. മേഴത്തൂർ സുദർശൻ നമ്പൂതിരി – 2.00, സ്വമി ആത്മാനന്ദ – 3.00, മധുസൂദന വാര്യർ 4.00, പള്ളിക്കൽ സുനിൽ – 5.00, ഡോ.പി.പി.വിജയമോഹനൻ  – 7.00, സംഗീത കച്ചേരി 8.00, സംഗീത സദസ്സ് 9.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com