ADVERTISEMENT

ബസിലിരുന്ന് ഉറങ്ങുന്ന ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു മുൻ എംഎൽഎ കെ.ജെ. ചാക്കോ

ചങ്ങനാശേരി ∙ ‘അന്ന് ഞങ്ങൾ എംഎൽഎമാർ ബസിലാണ് യാത്ര. ഞങ്ങൾക്കു രണ്ടു പേർക്കും കാറില്ല. നിയമസഭയുള്ളപ്പോൾ ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കു കെഎസ്ആർടിസി ബസിൽ യാത്ര തിരിക്കും’– 1970 ൽ നിയമസഭയിൽ കന്നി എംഎൽഎ ആയ ഉമ്മൻ ചാണ്ടിയുടെ സഹസാമാജികനും സഹയാത്രികനുമായ മുൻ ചങ്ങനാശേരി എംഎൽഎ കെ.ജെ. ചാക്കോ ഓർമിക്കുന്നു. ‘ഉമ്മൻ ചാണ്ടി കോട്ടയത്തു നിന്നും ഞാൻ ‌ചങ്ങനാശേരിയിൽ നിന്നും കയറും. ബസിൽ കയറിയാൽ ‌ഉടൻ ഉമ്മൻ ചാണ്ടി ഉറക്കം തുടങ്ങും. സീറ്റിന്റെ കമ്പിയിൽ തലയിടിച്ചാലും മാറിക്കിടക്കും എന്നല്ലാതെ ഉണരില്ല. കൊട്ടാരക്കരയിൽ എത്തുമ്പോൾ ചായ കുടിക്കാനിറങ്ങും. വീണ്ടും പാളയം എത്തുന്നതു വരെ ഉറക്കം.

അലച്ചിൽ കാരണമുള്ള ക്ഷീണം കൊണ്ടാണ് ഈ ഉറക്കം. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്സിൽ തറയിൽ പായ വിരിച്ച് ഉമ്മൻ ചാണ്ടി കിടക്കുന്നതു കണ്ടിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബഹളമാകും എപ്പോഴും മുറിയിൽ. ഉമ്മൻ ചാണ്ടി എത്തുമ്പോഴേക്കും കട്ടിലിൽ പ്രവർത്തകർ ആരെങ്കിലും കിടന്നിട്ടുണ്ടാകും. ഇതോടെ പരാതിയും പരിഭവവും പറയാതെ സൗമ്യനായി ലഭിക്കുന്ന ഇടത്ത് കിടന്നുറങ്ങും. അതാണ് ഉമ്മൻ‌ ചാണ്ടിയുടെ പ്രകൃതം’– ചാക്കോ പറഞ്ഞു. എംഎൽഎ ആയിരിക്കുമ്പോൾ കെ.ജെ.ചാക്കോയ്ക്ക് ഡൽഹിയിൽ നിന്ന് ഒരു കാര്യം സാധിക്കണം. പല വഴിക്കു നോക്കിയിട്ടും ഒരു രക്ഷയുമില്ല. ഒടുവിൽ എ.കെ.ആന്റണിയാണ് ഉപദേശിച്ചത്,

ഉമ്മൻ ചാണ്ടിയോടു പറഞ്ഞു നോക്കാൻ. യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ഏറെ തിരക്കുള്ള സമയമായിരുന്നു. പ്രധാന ഭാഗം കേട്ടു കഴിഞ്ഞപ്പോഴേക്കും ഉമ്മൻ ചാണ്ടിയുടെ അടുത്ത് കൂടുതൽ ആളുകളെത്തി. ഇതോടെ ലെറ്റർ ഹെഡ് കീറി അടിയിൽ ഒപ്പിട്ടു തന്ന ശേഷം പറഞ്ഞു. ‘കാര്യം വിശദമായി എഴുതി ഡൽഹിയിലെ മന്ത്രാലയത്തിൽ എത്തിക്കുക’– അന്ന് കേരള കോൺഗ്രസിലാണ് ഞാൻ, ‌ഉമ്മൻ ചാണ്ടിയുടെ ശത്രുപക്ഷത്തും. എങ്കിലും മറ്റുള്ളവരിലുള്ള വിശ്വാസമാണ് ബ്ലാങ്ക് ലെറ്റർ ഹെഡിനു പിന്നിൽ, കെ.ജെ. ചാക്കോ പറഞ്ഞു. 

1970 ൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിയമസഭാ കന്നി പ്രവേശം നടത്തിയ കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ 5 പേർ

∙ കെ.ജെ.ചാക്കോ (കേരള കോൺഗ്രസ്) – ചങ്ങനാശേരി
∙ കെ.വി.കുര്യൻ (കേരള കോൺഗ്രസ്) – കാഞ്ഞിരപ്പള്ളി
∙ ഒ.ലൂക്കോസ് (കേരള കോൺഗ്രസ്) – കടുത്തുരുത്തി
∙ പി.ബി.ആർ.പിള്ള (എസ്‍പി) – ഏറ്റുമാനൂർ
∙ എം.തോമസ് (സിപിഎം) – കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com