അറിവിന്റെ പുതുപ്പള്ളി മോഡൽ
Mail This Article
പാമ്പാടി ∙ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ – ഈ മൂന്നു ലോകപ്രശസ്തരുടെ ഓർമയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ. കോവിഡ് കാലത്ത് ഏറ്റവും ഉപകരിക്കപ്പെട്ട ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതും ദീർഘ വീക്ഷണത്തോടെ.
രാജീവ് ഗാന്ധിയുടെ പേരിൽ ആദ്യ സ്ഥാപനം
1991ൽ രാജീവ് ഗാന്ധിയുടെ മരണ ശേഷം ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണു പാമ്പാടി വെള്ളൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എൻജിനീയറിങ് കോളജ്. ഇൗ കോളജിന്റെ ഉദ്ഘാടകയായി സോണിയ ഗാന്ധിയെയാണ് ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടത്. അതു സാധ്യമായില്ല. അതുകൊണ്ടു കോളജിൽ പല പരിപാടികൾക്കു ക്ഷണിച്ചെങ്കിലും ഉമ്മൻ ചാണ്ടി പോയതുമില്ല. ഒടുവിൽ കോളജിന്റെ ഉദ്ഘാടനവും രജതജൂബിലി ആഘോഷവും ഒരുമിച്ചു സോണിയ ഗാന്ധി നിർവഹിച്ചു – 2015ൽ.
അകലക്കുന്നത്തിന്റെ തലയെടുപ്പ്
അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയുടെ തലയെടുപ്പാണ് കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് എന്ന സ്ഥാപനം. ഉദ്ഘാടനം ചെയ്തത് മുൻഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി. കാടു പിടിച്ചു കിടന്ന പഴയ സർക്കാർ സ്കൂളും പുരയിടവും ഇന്നു ഫിലിം സിറ്റിയാണ്.
രാമാനുജനും ആദരം
വിഖ്യാത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികത്തിൽ രാജ്യത്തിനുള്ള സമ്മാനമായിരുന്നു ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് വെള്ളൂരിൽ വാടക കെട്ടിടത്തിലാണ്. ആർഐടി കോളജിനുസമീപം 10 ഏക്കർ എടുത്തിട്ടുണ്ട്.
"രാജീവ്ഗാന്ധിയുടെ മരണ ശേഷം ഒരു മാസം കഴിഞ്ഞായിരുന്നു ബജറ്റ് അവതരണം. ഞാൻ അന്നു ധനമന്ത്രി. രാജ്യത്ത് അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇതായിരുന്നു. സോണിയ ഗാന്ധി വന്ന് ഉദ്ഘാടനം ചെയ്യണമെന്നു തീരുമാനമെടുത്തു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ ആ മോഹം നടന്നില്ല." -ഉമ്മൻ ചാണ്ടി.