ADVERTISEMENT

ഒരുങ്ങുന്നത് മെഗാ ആഘോഷം

കോട്ടയം ∙ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണ ജൂബിലിക്ക് ഒരുങ്ങുന്നത് മെഗാ ആഘോഷം. മിക്കയിടങ്ങളിലും ഉമ്മൻചാണ്ടിക്ക് അനുമോദനം അർപ്പിച്ചു ബോർഡുകളും നോട്ടിസും ഉയർന്നു. കോൺഗ്രസ് ഓഫിസുകളിൽ വൈദ്യുതാലങ്കാരങ്ങളും സ്ഥാപിച്ചു തുടങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ദീപാലംകൃതമായി. ഉമ്മൻചാണ്ടിയുടെ കൂറ്റൻ ബോർഡും ഇവിടെ സ്ഥാപിച്ചു. 17 ന് 5ന് കെ.സി.മാമ്മൻ മാപ്പിള ഹാളിന്റെ താഴത്തെ നിലയിൽ പ്രത്യേകം തയാറാക്കുന്ന വേദിയിലാണു പരിപാടികൾ.

ചടങ്ങുകൾ തൽസമയം പ്രദർശിപ്പിക്കുന്നതിന് 500 കേന്ദ്രങ്ങളിൽ എൽഇഡി വോളുകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. തുറസ്സായ സ്ഥലങ്ങളിലാകും സ്ക്രീൻ ക്രമീകരിക്കുക. മഴ വന്നാൽ നനയാതിരിക്കാനും സംവിധാനം ഉണ്ടാകുമെന്നു ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി 100 അടി നീളത്തിലും 5 അടി വീതിയിലും തയാറാക്കുന്ന ബോർഡ് കെ.സി.മാമ്മൻ മാപ്പിള ഹാളിന്റെ പ്രധാന കവാടത്തിനു മുൻപിൽ സ്ഥാപിക്കും. 

സൗജന്യ ഡയാലിസിസ് ഒരുക്കി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി 10 രോഗികൾക്ക് ഒരു വർഷത്തേക്കു സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലാണു ഡയാലിസിസ് സൗകര്യം. 17ന് പദ്ധതി ആരംഭിക്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി പറഞ്ഞു.

കരിയിൽ വീട് ഒരുങ്ങി

ഉമ്മൻ ചാണ്ടിയുടെ ആദ്യ തിരഞ്ഞെടുപ്പു മുതൽ സ്വീകരണത്തിനു വേദിയാകുന്ന പാമ്പാടി വെള്ളൂർ ഗ്രാമറ്റം ജംക്‌ഷനിലെ കരിയിൽ വീട് പോസ്റ്ററുകളിൽ മുങ്ങി. ഉമ്മൻചാണ്ടിയുടെ ഛായാചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം വീടിന്റെ എല്ലാ ഭാഗത്തും പതിച്ചു. മുൻ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാജു കരിയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.

വൈറ്റ്ഹൗസിലുമുണ്ട് വേണ്ടപ്പെട്ടവർ...

കോട്ടയം ∙ മലയാളിക്കൊരു ആവശ്യം വന്നാൽ ഉമ്മൻ ചാണ്ടി അമേരിക്കൻ പ്രസിഡന്റിനും ശുപാർശ എഴുതുമെന്നാണു കഥ. ഇതിൽ അൽപം കാര്യമില്ലാതില്ല. കത്തെഴുതാറില്ലെങ്കിലും വൈറ്റ് ഹൗസിലും ഉമ്മൻ ചാണ്ടി ബന്ധപ്പെടാറുണ്ട്. മലയാളികൾ ഉൾപ്പെടുന്ന അപകടങ്ങൾ, ഗ്രീൻ കാർഡ് പ്രശ്നങ്ങൾ തുടങ്ങിയ പരാതികളിലാണ് ഉമ്മൻ ചാണ്ടി വൈറ്റ് ഹൗസിൽ ബന്ധപ്പെടാറുള്ളത്. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. ‍ഡോ. അലക്സാണ്ടർ ജെ. കുര്യൻ വഴിയാണു സഹായം തേടാറുള്ളതെന്ന് ഫിലഡൽഫിയയിൽ താമസമാക്കിയ കല്ലൂപ്പാറ സ്വദേശി സജി ചാക്കോ ഓർമിക്കുന്നു. സജിയാണ് അമേരിക്കയിൽ ഉമ്മൻ ചാണ്ടിയുടെ സഹചാരി. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് ഫാ. അലക്സാണ്ടർ ജെ.കുര്യൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com