ADVERTISEMENT

തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്തു വെന്നിമല. കൊടൂരാറ്റിലൂടെ വഞ്ചിയിൽ പോകുമ്പോൾ ചേരമാൻ പെരുമാൾ വെന്നിമല എന്ന സ്ഥലത്ത് ഒരു ജ്യോതിസ് കണ്ടു. ആ സ്ഥലം അദ്ദേഹം തന്റെ ആസ്ഥാനമാക്കി.തെക്കുംകൂറിന്റെ സൈന്യത്തിലെ ഒരു വിഭാഗമായിരുന്നു പുള്ളിപ്പട്ടാളം. വെന്നിമലയ്ക്കടുത്തു കല്ലുവെട്ടാംകുഴി എന്ന സ്ഥലത്തായിരുന്നു ഇൗ പട്ടാളത്തിന്റെ പരിശീലനക്കളരി. പുള്ളിപ്പട്ടാളത്തിന്റെ കളരി എന്ന നിലയിൽ കല്ലുവെട്ടാംകുഴി ‘പുതുപ്പുള്ളി’യായി അറിയപ്പെട്ടു തുടങ്ങി. പിന്നീടതു പുതുപ്പള്ളിയായി മാറിയെന്നാണ് ഐതിഹ്യം.

രാജഭരണം മാറി ജനാധിപത്യം വന്നു. 1970ൽ പുതുപ്പള്ളിയുടെ രാഷ്ട്രീയ പരിശീലനക്കളരിയിലേക്ക് ഉമ്മൻ ചാണ്ടി എന്ന ചെറുപ്പക്കാരൻ എത്തി. പുതുപ്പള്ളിക്കളരി പിടിച്ചു. പിന്നീടങ്ങോട്ടു വിജയ ജൈത്രയാത്ര. അത് ഇന്ന് 50 വർഷം തികയ്ക്കുന്നു.ജനപ്രതിനിധിയുടെ പേരും മണ്ഡലത്തിന്റെ പേരും പരസ്പരം പര്യായമായിത്തീർന്ന 2 സന്ദർഭങ്ങളേയുള്ളൂ കേരള രാഷ്ട്രീയത്തിൽ.പാലാ = കെ.എം.മാണി, പുതുപ്പള്ളി = ഉമ്മൻ ചാണ്ടി.മാണി 51 വർഷം പാലാ എംഎൽഎയായിരുന്നു. ഉമ്മൻ ചാണ്ടി 50 തികയ്ക്കുന്നു. മാണിയുടെ റെക്കോർഡ് ഉമ്മൻ ചാണ്ടി മറികടക്കുമോ എന്നു രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു!

ആറു കാലങ്ങളിലെ പാട്ട്; എല്ലാ കാലത്തെയും കൂട്ട്

ആറു കാലങ്ങളിൽ പാട്ടിന്റെ വിസ്മയം തീർത്ത മഹാസംഗീതജ്‌ഞന്റെ ജന്മനാടു കൂടിയാണിത് – ഷഡ്‌കാല ഗോവിന്ദ മാരാർ. വെന്നിമലയിലെ അമ്മയുടെ തറവാടായ പുളിക്കൽ തറവാട്ടിലാണ് 1798ൽ അദ്ദേഹത്തിന്റെ ജനനം. മാരാർക്കു കിട്ടിയ പൊന്നുകൊണ്ടുള്ള ഇടയ്ക്ക വെന്നിമലയിലെ ശ്രീരാമ ലക്ഷ്മണ ക്ഷേത്രത്തിൽ ഒരുപാടു കാലം സൂക്ഷിച്ചിരുന്നു, പിന്നീടു നഷ്ടപ്പെട്ടു.6 കാലങ്ങളിൽ പാടിയ ഗോവിന്ദമാരാരുടെ നാട്ടുകാരനാണെങ്കിലും പാട്ടിനോടു പ്രിയമുള്ള ആളാണ് ഉമ്മൻ ചാണ്ടിയെന്ന് ആരും പറ‍ഞ്ഞിട്ടില്ല. പ്രസംഗമായിരുന്നു പ്രധാനം. അതു പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പഠനകാലം മുതലേയുണ്ട്. 

പിന്നെ, ഫുട്ബോളടക്കം അത്യാവശ്യം കളികളും.മധ്യതിരുവിതാംകൂറിലെ പുരാതന കായിക വിനോദമാണു നാടൻ പന്തുകളി. പുതുപ്പള്ളിയിൽ നാടൻ പന്തുകളി ടൂർണമെന്റ് നടക്കുന്നു. ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി. ഗ്രൗണ്ടിലെത്തിയപ്പോൾ കളിക്കാരുടെ അഭ്യർഥന: ‘സാറേ പന്തുകളിച്ച് ഉദ്ഘാടനം ചെയ്യണം.’‘ശരി.. ഒരിണ്ടൻ അടിച്ചാൽ പോരേ!’ എന്നു മുഖ്യൻ!നാടൻ പന്തുകളിയിലെ ഒരിനമാണ് ഇണ്ടൻ. ഇണ്ടനടിച്ചു തന്നെ മുഖ്യമന്ത്രി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com