ADVERTISEMENT

കുമരകം ∙ കുരങ്ങിന്റെ വികൃതികളിൽ ബോട്ട് ജെട്ടിയിലെ കടകൾ അടച്ചു. ഏറെ നേരത്തിന് ശേഷം കുരങ്ങ് സ്ഥലം വിട്ടു കഴിഞ്ഞാണ് ഇവിടത്തെ കടകൾ തുറക്കാനായത്. ഇന്നലെ രാവിലെ 11 മണിയോടെയാണു കുരങ്ങ് ബോട്ട് ജെട്ടി ഭാഗത്ത് എത്തിയത്.

ലക്ഷ്യം വാഴക്കുല 

ബോട്ട് ജെട്ടിയിലെ ബേബി കൂൾ ബാറിൽ നിന്നാണു വികൃതികളുടെ തുടക്കം. ഇവിടെ തൂക്കിയിരുന്ന പഴുത്ത വാഴക്കുലയിൽ ആദ്യം പിടിച്ചു. കട ഉടമ പീതാംബരൻ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കടയോടു ചേർന്നുള്ള മതിലിൽ വാഴക്കുലയെ ലക്ഷ്യമിട്ട് ഇരുന്നു. ഒടുവിൽ സഹികെട്ട് പീതാംബരൻ പഴം നൽകി. ഇതുമായി പോയ കുരങ്ങ് അടുത്തുള്ള അനിയൻ കുഞ്ഞിന്റെ കടയോടു ചേർന്നുള്ള മതിലിൽ പോയിരുന്നു പഴം തിന്നു. തുടർന്നു ഈ കടയിലെ സാധനങ്ങൾ എടുക്കാനുള്ള ശ്രമമായി. ശല്യം കൂടിയപ്പോൾ ഇരുവരും കട അടച്ചു.

കടന്നു കയറ്റം

അനിയൻ കുഞ്ഞ് കടയുടെ ഷട്ടർ പൂർണമായും താഴ്ത്തിയിരുന്നില്ല . ഈ വിടവിലൂടെ കുരങ്ങ് അകത്തു കടന്നു കടല മിഠായി എടുത്തു പുറത്തു വന്നു. അനിയൻ കുഞ്ഞ് ഇത് കണ്ട് വന്നപ്പോഴേക്കും അവൻ കടല മിഠായുമായി അടുത്ത മരത്തിലേക്കു കയറി. അവിടെ ഇരുന്നു പ്ലാസ്റ്റിക് കവർ നീക്കി കടല മിഠായി മുഴുവൻ തിന്ന ശേഷം താഴെ ഇറങ്ങി അടുത്തുള്ള മൈതാനത്തെ കുഴിയിലെ മഴ വെള്ളം കുടിച്ചു. തുടർന്നു ബോട്ട് ജെട്ടി ജംക്‌ഷനിലേക്കു പോയി.

ട്രാഫിക് നിയമം പാലിച്ച്

സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നു യാത്രക്കാർ ഇറങ്ങുകയും സ്റ്റോപ്പിൽ നിന്നവർ കയറുകയും ചെയ്തു ബസ് വിട്ടു പോയ ശേഷം റോഡിന്റെ മറുശത്തേക്കു കടന്നു. തുടർന്നു ഓട്ടോ റിക്ഷ സ്റ്റാൻഡിലൂടെ കടന്ന് തറവാട് റിസോർട്ടിന്റെ ബോർഡിൽ പോയിരുന്നു. അവിടെ നിന്നു നേരെ ചാടി റിസോർട്ടിന്റെ കമാനത്തിലേക്ക് കയറി.

ആക്രമണം ഭയന്ന് ഒളിച്ചിരുന്നു

കാക്കയുടെ ആക്രമണം ഭയന്നു കുരങ്ങ് കമാനത്തിനടുത്തുള്ള വലിയ മാവിന്റെ ശിഖരങ്ങൾക്കിടയിൽ കയറി ഇരുപ്പുറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com