ADVERTISEMENT

കോട്ടയം∙ ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനും മാർത്തോമ്മാ വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും മാർത്തോമ്മാ സഭ മുൻ സെക്രട്ടറിയുമായ റവ. ഡോ. കെ.വി. മാത്യു നവതിയുടെ നിറവിൽ. വടവാതൂരിലെ കുഴുവേലിൽ വീട്ടിൽ ലളിതമായ ചടങ്ങുകളോടെ 90–ാം ജന്മദിനം ഇന്ന് ആഘോഷിക്കും.1960 മുതൽ 1996 വരെ വിവിധ സെമിനാരികളിൽ അധ്യാപകനായും തുടർന്ന് വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. പഴയ നിയമത്തിൽ ഇന്ത്യയിലാദ്യമായി ബിരുദാനന്തര ബിരുദം (ബംഗാളിലെ സെറാംപുർ സർവകലാശാല) നേടിയ വ്യക്തിയാണ്.

എബ്രായ, ഗ്രീക്ക്, സുറിയാനി, അരാമ്യ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്. 1970ൽ സ്കോട്‍ലൻഡിലെ എഡിൻബറോ സർവകലാശാലയിൽ നിന്നു ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. മല്ലപ്പള്ളി കീഴ്‌വായ്പൂരിൽ 1931 നവംബർ 2ന് ജനനം. 24–ാം വയസ്സിൽ ഡോ. തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയിൽ നിന്നു ശെമ്മാശ പട്ടവും ഡോ. യൂഹാനോൻ മാർത്തോമ്മായിൽ നിന്നു വൈദിക പട്ടവും സ്വീകരിച്ചു.

ഹരിയാനായിലെ മാർത്തോമ്മാ സെമിനാരിയായ ധർമജ്യോതി വിദ്യാപീഠിന്റെ ആദ്യ പ്രിൻസിപ്പലും മലയാള ബൈബിളിന്റെ ആധുനിക വിവർത്തനം, ബൈബിൾ വിജ്ഞാനകോശം, വേദപുസ്തകഭാഷ്യം എന്നീ പുസ്തകങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു.
യെശയ്യാ പ്രവചനത്തിന്റെ വ്യാഖ്യാനം, മതാതീതനായ യേശു, ഫ്രം നസറത്ത് ടു നിഖ്യാ - ജീസസ് ദ് ക്രൈസ്റ്റ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. രാജ്യാന്തര സമാധാന സമിതിയുടെ (ഐഎഫ്ഒആർ) ഇന്ത്യ സെക്രട്ടറിയും ഏഷ്യൻ പ്രതിനിധിയുമായിരുന്നു. മാർത്തോമ്മാ സുവിശേഷ സേവികാ സംഘം മുൻ ജനറൽ സെക്രട്ടറിയും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ക്രിസ്റ്റ്യൻ വിമൻ മുൻ അധ്യക്ഷയുമായ റേച്ചൽ മാത്യുവാണു ഭാര്യ. ജീവ് മാത്യു, ഫിലിപ്പ് മാത്യു എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com