ഗ്രാമങ്ങളുടെ പൈതൃക സൗന്ദര്യം തേടി...
Mail This Article
കുറവിലങ്ങാട് ∙ഗ്രാമങ്ങളുടെ പൈതൃക സൗന്ദര്യം തേടി കൊടുങ്ങല്ലൂർ, കൊച്ചി മേഖലകളിൽ നിന്നുള്ള 40 അംഗ സംഘം കുറിച്ചിത്താനം, മണ്ണയ്ക്കനാട് ഗ്രാമങ്ങളിൽ എത്തി. യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ എക്മേളി (ഒരുമ ) ഗ്രൂപ്പിലെ അംഗങ്ങളാണ് പിറവം മുതൽ ഏറ്റുമാനൂർ വരെ വിവിധ സ്ഥലങ്ങളിൽ എത്തിയത്. ഓൺലൈൻ എഴുത്തുകാരനും ബ്ലോഗിൽ സജീവ സാന്നിധ്യവുമായ അനിയൻ തലയാറ്റുംപിള്ളി ഫെയ്സ്ബുക്കിലിട്ട പൈതൃക ഗ്രാമ വിവരണമാണ് ഇവരെ ഇവിടേക്കു ആകർഷിച്ചത്. പിറവത്തെ ആറ്റുതീരം പാർക്കിലും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ചികിത്സ കേന്ദ്രത്തിലും സന്ദർശനം നടത്തിയ ശേഷം മോനിപ്പള്ളിയിൽ എത്തിയ സംഘം നാടൻ തേനീച്ച വളർത്തൽ വീക്ഷിച്ചു. നാടൻ തേൻ വാങ്ങി. ഉഴവൂരിൽ മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ ജന്മഗൃഹത്തിൽ. തുടർന്നു കുറിച്ചിത്താനം ഗ്രാമത്തിൽ എത്തിയ സംഘം പഴയിടം മോഹനൻ നമ്പൂതിരിയുടെ അടുക്കളയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.
എഴുത്തുകാരൻ എസ്പി നമ്പൂതിരിയുടെ വീടും പി.ശിവരാമപിള്ള സ്മാരക പീപ്പിൾസ് ലൈബ്രറിയും പൂതൃക്കോവിൽ ക്ഷേത്രവും സന്ദർശിച്ചു. മണ്ണയ്ക്കനാട് ഗ്രാമത്തിൽ എത്തിയ സംഘം കേരളത്തിൽ ജലാധിവാസ ഗണപതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമായ ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം രക്ഷാധികാരിയും ചലച്ചിത്രതാരവുമായ ബാബു നമ്പൂതിരി ക്ഷേത്രത്തിന്റെ ഐതിഹ്യം വിശദീകരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൂടി ദർശനം നടത്തിയാണ് സംഘം കൊച്ചിയിലേക്കു മടങ്ങിയത്.