വോട്ടർ പട്ടിക ക്രമക്കേട്; ഒരാൾ തന്നെ പലതവണ അപേക്ഷിക്കുന്നത് പ്രശ്നം
Mail This Article
കോട്ടയം ∙ വൈക്കത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരാൾ നൽകിയത് 20 അപേക്ഷ. വൈക്കം മണ്ഡലത്തിൽ 590 ഇരട്ട വോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വിശദമായ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 590 ഇരട്ട വോട്ടുകളിൽ പകുതി നീക്കേണ്ടി വരും.ഇരട്ട വോട്ടുകളിൽ കൂടുതലും മനഃപൂർവമല്ലാത്ത സാങ്കേതിക പ്പിശകാണെന്നു തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ എസ്.എൽ. സജികുമാർ പറഞ്ഞു.
വിജ്ഞാപനം വന്നാൽ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ പറ്റില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ട്. അതുകൊണ്ടാണ് ഇതു കണ്ടെത്തിയിട്ടും നടപടി എടുക്കാൻ കഴിയാതിരുന്നതെന്നും ഈ വോട്ടുകൾ നീക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മണ്ഡലങ്ങളിലും പരിശോധനയുണ്ട്. ഒരാൾ സ്വന്തം വീട്ടിൽ നിന്ന് ആ മണ്ഡലത്തിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കു മാറിത്താമസിച്ചാൽ അപേക്ഷാ ഫോം ആറ് സമർപ്പിച്ചാൽ മതി.
എന്നാൽ ഇതിനു പകരം ചിലർ കൂട്ടിച്ചേർക്കലിനുള്ള അപേക്ഷ ഫോം 8 എ സമർപ്പിക്കും. ഇതോടെ ഒരേ പേരിൽ രണ്ടു വോട്ടായി. നേരിട്ടോ അക്ഷയ കേന്ദ്രം വഴിയോ ആണ് ഇത്തരം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നത്. ഫീസില്ലാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നതിനാൽ ഒരേ പേരുകാർ പലതവണ അപേക്ഷിക്കുന്നതും പ്രശ്നമാണ്. തിരിച്ചറിയൽ കാർഡ് ചെന്നൈയിലാണു തയാറാക്കുന്നത്. ഇത് അച്ചടിച്ചു വരാനുള്ള താമസം മനസ്സിലാക്കാതെ പലരും കാർഡ് ലഭിച്ചില്ലെന്നു പറഞ്ഞു നിരന്തരം അപേക്ഷിക്കുകയാണ്.