ADVERTISEMENT

കോട്ടയം / കൊല്ലം∙ തന്റെ പേരിൽ വ്യാജ സമ്മതപത്രം തയാറാക്കിയതിനു പിന്നിൽ സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹിയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി എസ്.ശ്രീജ പൊലീസിനു മൊഴി നൽകി. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽനിന്ന് പേരു നീക്കം ചെയ്യപ്പെട്ടയാളാണ് മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജ. ശ്രീജയുടെ മൊഴി ഇന്നലെ ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ രേഖപ്പെടുത്തി.‘അസോസിയേഷൻ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. എന്റെ പേരും റാങ്ക് വിവരങ്ങളും കൃത്യമായി ഗ്രൂപ്പിൽ പങ്കുവച്ചു. നിയമനത്തിന്റെ പുരോഗതിയെപ്പറ്റി ഭാരവാഹികളിൽ ഒരാളോട് പലവട്ടം അന്വേഷിച്ചിരുന്നു. ഒടുവിൽ ജോലി നഷ്ടപ്പെട്ടതിനെപ്പറ്റി പരാതി നൽകാൻ മുതിർന്നപ്പോൾ ഈ ഭാരവാഹി പരിഭ്രാന്തനായി പലവട്ടം വിളിച്ചു’– ശ്രീജ മൊഴി നൽകി. എസ്.ശ്രീജയ്ക്കു നിയമന ശുപാർശ നൽകാൻ പിഎസ്‌സി തീരുമാനിച്ചതോടെ ജോലി ലഭിക്കും.

ശ്രീജയുടെ പേരിൽ വ്യാജ സമ്മതപത്രം സമർപ്പിച്ച കൊല്ലം മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ, ശ്രീജയിൽനിന്ന് സമ്മതപത്രം വാങ്ങിയ സനിൽ കെ.പിള്ള, വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായ ടോണിമോൻ ജോസഫ് എന്നിവരോട് ഇന്നു ഹാജരാകാൻ പൊലീസ് നിർദേശം നൽകി. സംഭവത്തിനു പിന്നിൽ ജോലി തട്ടിപ്പു നടത്തുന്ന റാക്കറ്റുകളുടെ പങ്കു സംശയിക്കുന്നതായി ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ പറഞ്ഞു. ശ്രീജയുടെ പേരിൽ ലഭിച്ച സമ്മതപത്രം, റാങ്ക് പട്ടികയുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ കോട്ടയം ജില്ലാ പിഎസ്‌സി ഓഫിസിനും പൊലീസ് കത്തു നൽകി.

അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രം വാങ്ങിയതെന്നു മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ പേരുണ്ടെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ച്, ജോലി വേണ്ടെന്നു എഴുതി വാങ്ങിച്ചതാണ്. വീടുമാറിയതിനാൽ ഹാൾ ടിക്കറ്റും മറ്റും നഷ്ടപ്പെട്ടിരുന്നു. പിഎസ്‍സി വെരിഫിക്കേഷൻ നടപടി ലാഘവമായി കണ്ടതാണ് പ്രശ്നം. ഞാൻ വ്യാജരേഖ നൽകിയിട്ടില്ല. പിഎസ്‍സിക്ക് മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്നും ശ്രീജ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് പട്ടികയിൽ 233 -ാം റാങ്കിൽ ഉൾപ്പെട്ട എസ്.ശ്രീജയുടെ പേരിൽ കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ എസ്.ശ്രീജയാണു വ്യാജ സമ്മതപത്രം നൽകിയത്. സമ്മതപത്രം നൽകിയ ശ്രീജ ഈ തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയിരുന്നില്ല.

English Summary: PSC job fraud case. Sreeja's statement against the Rank Holders Association office bearer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com