ADVERTISEMENT

കോട്ടയം ∙ എൽഡിഎഫ് ജില്ലാ യോഗത്തിൽ കൺവീനർ പ്രഫ. എം.ടി. ജോസഫാണ് ആദ്യം പ്രസംഗിക്കുക. അതു കഴിഞ്ഞാൽ സിപിഎം ജില്ലാ സെക്രട്ടറിയും മൂന്നാമതായി സിപിഐ ജില്ലാ സെക്രട്ടറിയും പ്രസംഗിക്കും. അടുത്ത കാലത്ത് മുന്നണിയിൽ എത്തിയ കേരള കോൺഗ്രസ് (എം) പ്രതിനിധി നാലാമതായും പ്രസംഗിക്കും. യോഗത്തിലെ ഇരിപ്പുവശം നോക്കിയാൽ ജില്ലയിൽ സിപിഐ തന്നെയാണ് രണ്ടാമൻ. മൂന്നാമൻ കേരള കോൺഗ്രസും (എം). എന്നാൽ ജില്ലയിൽ ജനപ്രതിനിധികളുടെ എണ്ണം നോക്കിയാൽ ചിത്രം മാറി. കേരള കോൺഗ്രസിന് (എം) മൂന്ന് എംഎഎൽമാരുണ്ട്. സിപിഐയ്ക്ക് ഒരാളും. അതേസമയം സംസ്ഥാന തലത്തിൽ നോക്കിയാൽ സിപിഐക്കാണ് മേൽക്കൈ. മൂപ്പിളമ നിശ്ചയിക്കുന്നതിലുള്ള ഈ ആശയക്കുഴപ്പമാണോ സിപിഐയും കേരള കോൺഗ്രസും (എം) തമ്മിലുള്ള തർക്കത്തിന്റെ അടിസ്ഥാനം?

എൽഡിഎഫിലേക്ക് കേരള കോൺഗ്രസിന് (എം) വാതിൽ തുറക്കുന്നതിനു മുൻപ് ആരംഭിച്ചതർക്കം നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും തുടരുകയാണ്. സംസ്ഥാനത്ത് ഞങ്ങളാണ് എൽഡിഎഫിലെ രണ്ടാമനെന്ന് സിപിഐ. അത് ആയിക്കോട്ടെ, പക്ഷേ കോട്ടയം ജില്ലയിൽ രണ്ടാമനാകേണ്ടത് ഞങ്ങളല്ലേയെന്നു കേരള കോൺഗ്രസും (എം).

തർക്കം, ഇതുവരെ

∙എൽഡിഎഫിലേക്കുള്ള കേരള കോൺഗ്രസിന്റെ (എം) വരവിനെ സിപിഐ എതിർത്തു. പ്രതിഛായയ്ക്ക് മങ്ങലേൽക്കുമെന്ന് സിപിഐ വാദിച്ചു
∙തദ്ദേശതിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന്റെ പേരിൽ തർക്കം. രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകൾ വിട്ടു കൊടുക്കാൻ സിപിഐ തുടക്കത്തിൽ വഴങ്ങിയില്ല. സിപിഐ–കേരള കോൺഗ്രസ് (എം) പരസ്പരം മത്സരിച്ച സീറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം. തങ്ങളുടെ പരമ്പരാഗത സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസും (എം) നിലപാടെടുത്തു. ഒടുവിൽ ഒരു സീറ്റ് സിപിഐ വിട്ടുനൽകി.
∙നിയമസഭാ തിരഞ്ഞെടുപ്പിൽ കാ‍ഞ്ഞിരപ്പള്ളി സീറ്റിനായി തർക്കം. സിപിഐയും കേരള കോൺഗ്രസും (എം) പരസ്പരം മത്സരിച്ച സീറ്റാണിത്. ഇരുവരും അവകാശം ഉന്നയിച്ചു. ഒടുവിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ടുകൊടുത്തു. പകരം ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകളിൽ ഒരെണ്ണം ആവശ്യപ്പെട്ടു. എന്നാൽ അവ കേരള കോൺഗ്രസ് (എം) വിട്ടുകൊടുത്തില്ല. 2 സീറ്റുകളിലും കേരള കോൺഗ്രസ് (എം) വിജയിച്ചു.
∙തിരഞ്ഞെടുപ്പു വേളയിൽ ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം വിമർശിച്ചു.

ആരാണ് ഉത്തരവാദി?

സിപിഐ, കേരള കോൺഗ്രസ് (എം) വൈരം രേഖാമൂലം പുറത്തു വന്നത് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ. ഇരുവരും പരസ്പരം കുറ്റപ്പെടുത്തി.

വിജയഘടകമായത് ഞങ്ങൾ: കേരള കോൺഗ്രസ് (എം)

കോട്ടയം പിടിച്ചത് കേരള കോൺഗ്രസിന്റെ (എം) സഹായം കൊണ്ട്. സംസ്ഥാനത്തും മികച്ച വിജയത്തിന് ഇതു വഴി വച്ചു. എന്നാൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ സിപിഐ വോട്ട് കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾക്ക് ലഭിച്ചില്ല. എൽഡിഎഫിന് വലിയ വിജയം ലഭിച്ചത് കേരള കോൺഗ്രസിന്റെ (എം) സഹായം കൊണ്ടാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

കേരള കോൺഗ്രസിന്റെ വോട്ട് പൂർണമായി ലഭിച്ചില്ല: സിപിഐ

വിജയ കാരണം എൽഡിഎഫിന്റെ ജനപിന്തുണ. ജില്ലയിൽ കേരള കോൺഗ്രസിന് (എം) അടിത്തറയില്ല. ഉണ്ടായിരുന്നെങ്കിൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ തോൽക്കില്ലായിരുന്നു. 2016 ൽ സിപിഐയ്ക്കും സിപിഎമ്മിനും ഓരോ സീറ്റ് ലഭിച്ചു. 2021 ലും അതു തന്നെ സ്ഥിതി. എൽഡിഎഫ് വോട്ടു കൊണ്ട് കേരള കോൺഗ്രസിന് (എം) മൂന്നു സീറ്റ് ലഭിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലാണ് തങ്ങൾ നടത്തിയതെന്നും കേരള കോൺഗ്രസിന്റെ (എം) വോട്ട് എൽഡിഎഫിന് പൂർണമായി ലഭിച്ചിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു.

സീറ്റ് നില

കേരള കോൺഗ്രസ് (എം)
∙എംപി – ഒന്ന്
∙എംഎൽഎ – 3
∙ജില്ലാ പഞ്ചായത്ത് അംഗങ്ങൾ – 5
∙ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ – 43
∙ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ – 182

സിപിഐ
∙എംപി – ജില്ലയിൽ നിന്നില്ല
∙എംഎൽഎ – 1
∙ജില്ലാ പഞ്ചായത്ത് അംഗങ്ങൾ – 3
∙ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ – 12
∙ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ – 84

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com