വീണ്ടും ഉരുൾമുനയിൽ കോട്ടയം; മലവെള്ളപ്പാച്ചിലിൽ 100 മീറ്ററോളം ഒഴുകി നീങ്ങി സ്കൂൾ ബസ്
Mail This Article
ഏഞ്ചൽവാലി∙ മൂക്കൻപെട്ടിയിലും ഏഞ്ചൽവാലിയിലും ഉരുൾപൊട്ടലിൽ 2 വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. ആർത്തലച്ച മലവെള്ളപ്പാച്ചിലിൽ സ്കൂൾ ബസ് ഉൾപ്പെടെ ഒഴുകി നീങ്ങി. റോഡിൽ പല സ്ഥലത്തും മണ്ണു നിറഞ്ഞു. എന്നാൽ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. കടകളിലും വെള്ളം കയറി. വൈകിട്ട് നാലരയോടെയാണു സംഭവം. ഇവിടെ ഈ സമയം കനത്ത മഴയായിരുന്നു. റോഡ്, പാലം എന്നിവയ്ക്കു നാശം സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മണ്ണൊഴുകി വന്നുണ്ടായ ചെറിയ തടസ്സങ്ങൾ ഇന്നു നീക്കുമെന്നും അധികൃതർ പറഞ്ഞു. അപകടസാധ്യത മുന്നിൽക്കണ്ട് ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മലയിൽ നിന്നുള്ള ഏഴ് അരുവികളും ആർത്തലച്ചെത്തി. വനപ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. രണ്ടാഴ്ച മുൻപുണ്ടായ പ്രളയത്തിൽ ഏഞ്ചൽവാലി, മൂക്കൻപെട്ടി പാലങ്ങളിൽ അടിഞ്ഞുകൂടിയ തടസ്സങ്ങൾ മാറ്റിക്കൊണ്ടിരിക്കെയാണു മലവെള്ളം വീണ്ടുമെത്തിയത്. കഴിഞ്ഞ പ്രളയത്തിലെത്തിയ തടികൾ ആറ്റിലെ ഒഴുക്കു തടസ്സപ്പെടുത്തിയതും ജലനിരപ്പ് ഉയരാൻ കാരണമായി.
ഏഞ്ചൽവാലി സെന്റ് മേരീസ് പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന കണമല സാന്തോം സ്കൂളിന്റെ ബസാണു ഒഴുക്കിൽപെട്ടത്. 100 മീറ്ററോളം ഒഴുകി മതിലിലിടിച്ചു നിന്നതിനാൽ ആറ്റിലേക്കു വീണില്ല. പള്ളിക്കു സമീപം 2 ബൈക്കുകളും ഒരു ഓട്ടോയും തകർന്നു. ഓട്ടോ സമീപത്തെ അരുവിയിൽ തലകീഴായി കിടക്കുന്ന നിലയിലാണ്. സെന്റ് മേരീസ് സ്കൂളിലും വെള്ളംകയറി.
മൂഴിക്കലിലും ഉരുൾപൊട്ടൽ
കോട്ടയം ജില്ലയോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയിലെ മൂഴിക്കൽ പ്രദേശത്തും ഉരുൾപൊട്ടൽ. പാറാംതോട്, മുക്കുഴി, തടിത്തോട് ഭാഗത്താണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡിലാണ് നാശനഷ്ടം. ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം. നാല് ഉരുൾപൊട്ടലുണ്ടായെന്നാണു നാട്ടുകാർ നൽകുന്ന വിവരം.
തടിത്തോട്, മുക്കുഴി, പാറാംതോട് എന്നിവിടങ്ങളിലാണു നാശനഷ്ടം ഉണ്ടായത്. വീടുകൾക്കു കേടുപാടുകൾ സംഭവിച്ചെന്നും കൃഷിയിടങ്ങൾ തകർന്നതായും വില്ലേജ് ഓഫിസർ അറിയിച്ചു. തടിത്തോട് – മുക്കുഴി റോഡ്, മൂഴിക്കൽ – മുക്കുഴി റോഡ്, മൂഴിക്കൽ – പാറാംതോട് റോഡ് എന്നിവ പൂർണമായി തകർന്നു. പെരുവന്താനം പഞ്ചായത്തിന്റെ പരിധിയിലാണെങ്കിലും കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്തിന്റെ കുഴിമാവ് പ്രദേശത്തിനു സമീപമാണ് മുക്കുഴി തടിത്തോട് ഭാഗം.
പള്ളിക്കത്തോട്ടിൽ വെള്ളംകയറി
പള്ളിക്കത്തോട് – കൂരോപ്പട റോഡിൽ വെള്ളംകയറി. ഇവിടെ വൈകിട്ട് 2 മണിക്കൂർ മഴ നീണ്ടു. ഒറവയ്ക്കൽ കൂരാലി റൂട്ടിൽ കാക്കത്തോടിനു സമീപവും ആനിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപവും ഗതാഗതം തടസ്സപ്പെട്ടു. തോട് കവിഞ്ഞു റോഡിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറി. സെൻട്രൽ ജംക്‌ഷനിൽ തോടിനു ചേർന്നുള്ള കടകളിലും വെള്ളം കയറി. ഓട്ടോ സ്റ്റാൻഡ് ഭാഗത്തും വെള്ളക്കെട്ടുണ്ടായി.
പകൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ;രാത്രി ക്യാംപിൽ
രാവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവം. രാത്രി താമസം ദുരിതാശ്വാസ ക്യാംപിൽ– ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരനാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന ഇളംകാട് വല്യേന്തയിലാണു അദ്ദേഹത്തിന്റെ വീട്. ശുഭേഷിന്റെ വീട് തകർന്നിട്ടില്ല. എന്നാൽ വലിയ പാറക്കല്ലുകൾ അപകടഭീഷണി ഉയർത്തുന്നതാണു ക്യാംപിലേക്കു മാറാൻ കാരണം. ഇളംകാട് ടൗണിൽനിന്നു വല്യേന്തയിലേക്കു പോകുന്ന പാലവും അപകടാവസ്ഥയിലാണ്.കൊടുങ്ങ ആർഎസ്എം യുപി സ്കൂളിലെ ക്യാംപിലാണിവർ. അമ്മ ലീലാമ്മയും ഒപ്പമുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമാണ് ശുഭേഷ്.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 5 ലക്ഷം നൽകും
സ്വന്തം വീടുകളിൽ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ടതു വകവയ്ക്കാതെ മുണ്ടക്കയത്തു പ്രളയ രക്ഷാപ്രവർത്തനത്തിനിങ്ങിയ യുവാക്കൾക്കു വേണ്ടി നാട്ടുകാർ രൂപീകരിച്ച സഹായനിധിയിലേക്കു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 5 ലക്ഷം രൂപ നൽകുമെന്നു ചെയർമാനും എംഡിയുമായ തോമസ് ജോൺ മുത്തൂറ്റ് അറിയിച്ചു. മനോരമയിലെയും മനോരമ ഓൺലൈനിലെയും വാർത്തകൾ വായിച്ചു പലരും യുവാക്കൾക്കു സഹായ വാഗ്ദാനം നൽകിയിരുന്നു. സഹായനിധി വിലാസം: ബിജു തോമസ്, Ac no. 0640053000006058, IFSC SIBL0000640, സൗത്ത് ഇന്ത്യൻ ബാങ്ക്, മുണ്ടക്കയം.