തെളിച്ചെടുക്കണം മീനച്ചിലാറിനെ; ഇനിയൊരു പ്രളയം താങ്ങാൻ വയ്യ
Mail This Article
കോട്ടയം ∙ മീനച്ചിലാർ ചോദിക്കുന്നു; കന്നിമലയാറിനെപ്പോലെ എന്നെയും വൃത്തിയാക്കുമോ?മൂന്നാറിലാണ് കന്നിമലയാർ. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി ആറ്റിൽ അടിഞ്ഞ ചെളിയും എക്കലും പാറകളും ജലവിഭവ വകുപ്പ് നീക്കം ചെയ്തുതുടങ്ങി. പ്രളയത്തിലും മഴയിലും മീനച്ചിലാറിൽ 9.69 ലക്ഷം ക്യുബിക് മീറ്റർ എക്കലും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് കണക്ക്. ഈരാറ്റുപേട്ട ഭാഗത്തുള്ള എക്കലും ചെളിയും കുറെ നീക്കി. താഴ് ഭാഗങ്ങളിലെ എക്കൽ നീക്കം ചെയ്യാൻ നടപടിയായിട്ടില്ല.വീണ്ടും മഴക്കാലം വരും. മീനച്ചിലാർ തടസ്സമില്ലാതെ ഒഴുകിയില്ലെങ്കിൽ കോട്ടയം പ്രളയത്തിൽ മുങ്ങും.
വേമ്പനാട്ടു കായലിലേക്കു മീനച്ചിലാർ ചേരുന്ന ഭാഗത്തെല്ലാം എക്കലടിഞ്ഞ് ആഴം കുറവാണ്. തണ്ണീർമുക്കം ബണ്ടിലേക്ക് വെള്ളമെത്തുന്ന വെച്ചൂർ കായലിനു സമീപമുള്ള കനാൽ വെള്ളമൊഴുക്കു നിലച്ച സ്ഥിതിയിലാണ്. മഴക്കാലത്തെ വെള്ളം വേഗത്തിൽ ബണ്ടിലെത്താനും അതുവഴി കടലിലേക്കെത്താനുമുള്ള സാധ്യതയാണ് കനാൽ അടഞ്ഞതിലൂടെ ഇല്ലാതാകുന്നത്.ഈരാറ്റുപേട്ടയിൽ നിന്ന് ആയിരത്തിലധികം ലോഡ് എക്കൽമണ്ണും ചെളിയും കോരിമാറ്റി. മറ്റിടങ്ങളിൽ ദുരന്ത നിവാരണ നിയമം കൂടി ഉപയോഗിച്ച് വേഗം ശുചീകരണം നടത്താനാണു ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രമം.