കൊയ്തെടുക്കാൻ സമ്മതിക്കാതെ മഴ; നെല്ല് നാശത്തിൽ
Mail This Article
കുമരകം ∙ ഈ വർഷത്തെ പുഞ്ചക്കൃഷിയുടെ വിളവ് മെച്ചമായപ്പോൾ കൊയ്തെടുക്കാൻ മഴ സമ്മതിച്ചില്ല. നെൽക്കർഷകന്റെ പ്രതീക്ഷകൾ തെറ്റിച്ച് വേനൽ മഴ എത്തിയതാേടെ നെല്ല് പാടത്ത് കിടന്നു നശിക്കുന്നു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ യന്ത്രം പാടത്ത് ഇറക്കാൻ പോലും കഴിയുന്നില്ല. വിളഞ്ഞ നെല്ല് പാടത്ത് വീണു കിളിർത്തു തുടങ്ങി. വെയിലത്ത് നെല്ലു നിരത്തി ഉണക്കാൻ കാത്തിരിക്കുകയാണ് കർഷകർ. മഴ മാറിയ സമയത്ത് കൊയ്ത്തിനിറങ്ങിയ പാടങ്ങളിൽ യന്ത്രം താഴുന്നതും പ്രശ്നമായി.
മഴ തുടർച്ചയായി പെയ്യുന്നതിനാൽ പാടശേഖരങ്ങളിൽ നിന്നു യന്ത്രം കയറ്റി കൊണ്ടു പോകുകയും ചെയ്യുന്നു. 5 ദിവസമെങ്കിലും മഴ മാറി നല്ല വെയിൽ ലഭിച്ചാൽ മാത്രമേ ഇനി ഒട്ടുമിക്ക പാടങ്ങളിലും യന്ത്രത്തിൽ കാെയ്ത്ത് പുനരാരംഭിക്കാനാകൂ. കുമരകം കൃഷിഭവന്റെ കീഴിലുള്ള പത്തുപങ്ക് പാടത്തെ കർഷകർക്കാണു ഏറ്റവും കൂടുതൽ നാശനഷ്ടം അനുഭവിച്ചത്. ഇവിടെ 20 ഹെക്ടറിലെ നെല്ല് പൂർണമായും നശിച്ചു. മെത്രാൻ കായൽ പാടശേഖരത്തെ നെല്ല് ചുവട് ചാഞ്ഞു വീണു കിടക്കുന്നു.
വെള്ളം വറ്റിക്കാൻ കഴിയാത്തതിനാൽ നാശത്തിന്റെ വക്കിലായി. കുഴി കണ്ടം തൈയ്ക്കുപുറം പുറം, കാക്കനാട്ട് നൂറ്, നാൽപ്പതിൽ തുടങ്ങി നൂറു കണക്കിന് ഏക്കർ പാടശേഖരം കൊയ്ത്തിനായി മഴ മാറാൻ കാത്തു കിടക്കുകയാണ്. തിരുവാർപ്പിൽ പുതുക്കാട്ട് അൻപത് പാടശേഖരത്തെ കർഷകർക്ക് കഴിഞ്ഞ വിരിപ്പു കൃഷിയുടെ നെല്ല് പൂർണമായും നശിച്ചിരുന്നു. എംഎൻ ബ്ലാേക്ക്, വെളിയം തുടങ്ങിയ പാടങ്ങളിൽ കാെയ്ത്തു പൂർണമായില്ല. അയ്മനത്ത് വട്ടക്കായൽ തട്ടേപ്പാടം , മള്ളൂർപ്പാടം തുടങ്ങി പാടശേഖരങ്ങളിലെ നെല്ല് മഴയെ തുടർന്നു കൊയ്യാനാകാതെ കർഷകർ വിഷമിക്കുന്നു.