തുരുമ്പെടുക്കാറായില്ലേ ഈ പഴിചാരൽ ?; കിണറ്റുംമൂട് തൂക്കുപാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ
Mail This Article
ഏറ്റുമാനൂർ ∙ ഉടമസ്ഥരില്ലാതെ ഒരു പാലം; അപകടം പെരുകുമ്പോഴും അധികൃതർ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ്.ഏതാനും വർഷങ്ങൾക്കുള്ളിൽ 5 പേരുടെ ജീവനാണ് പാലത്തിനു സമീപത്തെ കടവിൽ പൊലിഞ്ഞത്. പേരൂർ പൂവത്തുംമൂട് – സംക്രാന്തി റോഡിൽ കിണറ്റുമൂട് ജംക്‌ഷനിൽ മീനച്ചിലാറിനു കുറുകെയുള്ള കിണറ്റുംമൂട് തൂക്കുപാലത്തിനാണ് ഈ ദുര്യോഗം. ഇരുവശത്തുമുള്ള കൈവരിയും കമ്പികളും തുരുമ്പെടുത്തു നശിക്കുകയാണ്.
വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രമാണ് ഇവിടം. ഏറ്റുമാനൂർ, കോട്ടയം നഗരസഭകളുടെ അതിർത്തിയിലാണു തൂക്കുപാലം. കടവും കയവും ചേർന്ന ഭാഗം വിജയപുരം പഞ്ചായത്തിന്റെ അതിർത്തിയിലാണ്. ഏറ്റുമാനൂർ, കോട്ടയം നഗരസഭകൾ പക്ഷേ, പരസ്പരം പഴിചാരുകയാണ്. ജില്ലാ പഞ്ചായത്തും പാലത്തിന്റ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ രംഗത്തു വന്നട്ടില്ല.
പൂവത്തുംമൂട് – സംക്രാന്തി റോഡ് നിർമാണം ആധുനിക നിലവാരത്തിൽ പൂർത്തിയായതോടെ ഇവിടം വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറി. എന്നാൽ ഇപ്പോൾ പാലത്തിനടുത്തേയ്ക്കു പോകാനുള്ള വഴികൾ പോലും താറുമാറായിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചു 2012ൽ നിർമിച്ചതാണു കിണറ്റുംമൂട് തൂക്കുപാലം.തിരുവഞ്ചൂർ, പാറമ്പുഴ പ്രദേശങ്ങളിലുള്ള നാട്ടുകാർക്കു കാൽനടയായി കിണറ്റുംമൂട് ജംക്‌ഷനിൽ അതിവേഗം എത്താനാവുന്ന പാലമെന്ന പ്രത്യേകതയും ഉണ്ട്.