എന്തുകൊണ്ട് നാഗമ്പടം സ്റ്റേഡിയം സംരക്ഷിക്കണം ? ഇന്ത്യയിലെ ആദ്യ ഫിഫ റഫറി എം.ബി.സന്തോഷ് കുമാർ പറയുന്നു
Mail This Article
കേരള ഫുട്ബോൾ സന്തോഷത്തിൽ ആറാടുമ്പോൾ കോട്ടയത്തെ ഫുട്ബോളിന് സന്തോഷിക്കാൻ അത്ര വകയുണ്ടോ? ഒരു കാലത്ത് മികച്ച ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ച കോട്ടയം ഓർമകളുടെ നിഴലിൽ മാത്രമാണിപ്പോൾ. ഇക്കുറി കേരളം കപ്പുയർത്തുമ്പോൾ ജില്ലയിൽ നിന്ന് ഒരു കളിക്കാരൻ പോലും ടീമിനൊപ്പമില്ല എന്ന സ്വകാര്യ സങ്കടവും കോട്ടയത്തെ കാൽപന്ത് പ്രേമികൾ പങ്കുവയ്ക്കുന്നു.
എന്തുകൊണ്ട് നാഗമ്പടം സ്റ്റേഡിയം സംരക്ഷിക്കണം ? ഇന്ത്യയിലെ ആദ്യ ഫിഫ റഫറി എം.ബി.സന്തോഷ് കുമാർ പറയുന്നു
∙ കോട്ടയം ജില്ലയിൽ നാഗമ്പടം സ്റ്റേഡിയം പോലെ സൗകര്യമുള്ള വേറൊരു സ്റ്റേഡിയം ഇല്ല. രാജ്യാന്തര ഫുട്ബോൾ മത്സരം വരെ സംഘടിപ്പിക്കാൻ സാധിക്കുന്ന ഫുട്ബോൾ ടർഫ് നാഗമ്പടത്ത് ഉണ്ട്. ഇതിനു പുറത്ത് 400 മീറ്റർ അത്‌ലറ്റിക് ട്രാക്ക്. നിലവാരമുള്ള സ്റ്റേഡിയത്തിന്റെ രൂപകൽപനയാണിത്.
∙ ട്രെയിൻ, ബസ് യാത്രാസൗകര്യം ഇത്രയുമുള്ള സ്റ്റേഡിയം അപൂർവം. കേരളത്തിലെ പ്രധാന പാതയായ എംസി റോഡ്, കോട്ടയം റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപമാണ് സ്റ്റേഡിയം.
∙ ഗാലറി സൗകര്യം മെച്ചപ്പെടുത്തിയാൽ നന്നായി ആളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്റ്റേഡിയമായി മാറാം. വികസന പ്രവർത്തനങ്ങൾക്കും സ്ഥലസൗകര്യമുണ്ട്.
ചെറു സന്തോഷം; ഇവർ തുടങ്ങിയത് ഇവിടെ
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇക്കുറി കേരള ടീമിനായി കോട്ടയം ജില്ലയിൽ നിന്ന് ആരുമില്ലെങ്കിലും ക്യാപ്റ്റൻ ഉൾപ്പെടെ 5 താരങ്ങളുടെ തുടക്കം കോട്ടയത്തു നിന്ന്. കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ജില്ലാ സീനിയർ ടീമിൽ കളിച്ചിട്ടുണ്ട്. പ്രതിരോധനിര താരം ജി.സഞ്ജു, മധ്യനിരതാരങ്ങളായ മുഹമ്മദ് റാഷിദ്, കെ.സൽമാൻ എന്നിവർ ബസേലിയസ് കോളജിന്റെ താരങ്ങളാണ്. മധ്യനിരതാരം പി.എൻ.നൗഫൽ ജില്ലയ്ക്കു വേണ്ടി സബ് ജൂനിയർ, ജൂനിയർ മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. 2018ൽ കേരളം സന്തോഷ് ട്രോഫി ജയിക്കുമ്പോൾ നിർണായക പ്രകടനവുമായി കോട്ടയം മള്ളുശേരി സ്വദേശി ജസ്റ്റിൻ ജോർജ് കേരളത്തിന് ഒപ്പമുണ്ടായിരുന്നു.
ഇവിടെയും ഉണ്ട് ഒരു സ്റ്റേഡിയം
മലപ്പുറത്തെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ് കാണികൾ സന്തോഷ് ട്രോഫി കാണുമ്പോൾ, ചെറു മഴ വന്നാൽ സ്വിമ്മിങ് പൂൾ ആയി മാറുന്ന അവസ്ഥയിലാണ് നാഗമ്പടം സ്റ്റേഡിയം. ഗാലറികൾ തകർന്നു തുടങ്ങി. ട്രാക്കിൽ പുല്ല് നിറഞ്ഞു. ഫുട്ബോൾ ടർഫ് തകർന്നു തന്നെ. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്ന ഒരിടമായി സ്റ്റേഡിയം മാറിക്കഴിഞ്ഞു.
അത്ര മോശം സ്റ്റേഡിയം ആയിരുന്നില്ല
നാഗമ്പടം സ്റ്റേഡിയം അത്ര മോശമൊന്നുമല്ല. ഇന്ത്യയിലെ മികച്ച ടീമുകൾ പന്തു തട്ടിയ സ്ഥലമാണ്. ജെസിടി, മഹീന്ദ്ര യുണൈറ്റഡ്, വാസ്കോ തുടങ്ങിയ ടീമുകൾ വിവിധ മത്സരങ്ങൾക്കായി നാഗമ്പടത്ത് പന്ത് തട്ടിയിട്ടുണ്ട്. ഓൾ ഇന്ത്യ ടൂർണമെന്റുകൾ, ഐ ലീഗ് രണ്ടാം ഡിവിഷൻ, ഓൾ ഇന്ത്യ സർവകലാശാല ഫുട്ബോൾ തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ ഇവിടെ നടന്നിട്ടുണ്ട്.
ക്ലബുകളും കുറഞ്ഞു
അഫിലിയേഷൻ ഉള്ള ഫുട്ബോൾ ക്ലബുകളുടെ എണ്ണത്തിലും ജില്ലയിൽ കുറവ് വന്നു. 22 ക്ലബുകൾ വരെ കോട്ടയത്ത് ഉണ്ടായിരുന്നു. ഇപ്പോൾ 15 ക്ലബുകൾക്കാണ് അഫിലിയേഷൻ ഉള്ളത്. സാമ്പത്തിക ബാധ്യതയും സ്പോൺസർമാരുടെ അഭാവവുമാണു പല ക്ലബുകൾക്കും താഴിട്ടത്.
ടീം തിരഞ്ഞെടുപ്പിൽ കോട്ടയം ടച്ച്
സന്തോഷ് ട്രോഫി നേടിയ കേരള ടീം തിരഞ്ഞെടുത്തതിൽ ഒരു കോട്ടയം ടച്ചുണ്ട്. ടീം സിലക്ടർമാരിൽ ഒരാൾ കോട്ടയം സ്വദേശിയാണ്. ടാറ്റാ സ്റ്റീൽസ് മുൻ താരവും കെഎഫ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ കൊല്ലാട് വാക്കപ്പറമ്പിൽ വിനോജ് കെ.ജോർജാണ് സിലക്ടർമാരിലെ കോട്ടയം സ്വദേശി. ബിഹാറിന് വേണ്ടി 1993ൽ സന്തോഷ് ട്രോഫി കളിച്ച താരവുമാണ് വിനോജ്. ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കെ.വി.ധനേഷ്, സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ അബ്ദുൽ നൗഷാദ്, കേരളത്തിന്റെ അസിസ്റ്റന്റ് കോച്ച് ജി.പുരുഷോത്തമൻ എന്നിവരായിരുന്നു മറ്റു സിലക്ടർമാർ.
സ്റ്റേഡിയത്തിന്റെ സ്ഥിതി ഇപ്പോൾ
സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ ഉയർത്തിയതിനാൽ വെള്ളക്കെട്ട് പതിവ്.
ആവശ്യത്തിന് ഡ്രെയ്നേജ് സൗകര്യമില്ല.
ഗാലറികൾ പരിപാലനമില്ലാതെ നശിച്ചു.
ഗ്രൗണ്ടിൽ കാടുകയറുന്നത് പതിവ്.
നിലവാരമുള്ള പുല്ല് ഇല്ലാത്തതിനാൽ കളിക്കാർക്ക് പരുക്കേൽക്കാൻ സാധ്യത.
400 മീറ്റർ ട്രാക്ക് പല സ്ഥലത്തും പുല്ലു കയറിക്കിടക്കുന്നു.
ആവശ്യത്തിന് വെളിച്ചമില്ല.
സ്റ്റേഡിയം നവീകരണത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ ഇല്ല. നവീകരണ പദ്ധതികളുടെ പേരു മാത്രം ഇടയ്ക്കിടെ മുഴങ്ങും.
"കായിക താരത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ ഒന്നും നാഗമ്പടം സ്റ്റേഡിയത്തിൽ ഇല്ല. പരിശീലനം നടത്താൻ കായിക താരങ്ങൾക്ക് അവസരമില്ല. ഇപ്പോഴുള്ള സ്റ്റേഡിയമെങ്കിലും സംരക്ഷിച്ച് ഒരു കാവൽക്കാരനെ നിയോഗിച്ച് മറ്റ് തരത്തിലുള്ള സാമൂഹിക വിരുദ്ധ ഇടപെടലുകൾ നിയന്ത്രിച്ചാൽ ഏറെ ഉപകാരപ്പെടും. കൂടാതെ സ്റ്റേഡിയം നവീകരണത്തിന് പദ്ധതി വേണം." - അച്ചു സന്തോഷ് കെഎഫ്എ ജോയിന്റ് സെക്രട്ടറി