ADVERTISEMENT

ഈരാറ്റുപേട്ട ∙ കോടികൾ മുടക്കി നിർമിച്ച  നഗരസഭയുടെ  മാർക്കറ്റ് കോംപ്ലക്സ് നോക്കുകുത്തിയായി തുരുമ്പെടുത്ത് കാടുപിടിച്ചു നശിക്കുന്നു.   4 വർഷം കൊണ്ട്  ലേലത്തിൽ പോയത് 21 മുറികളുള്ള കെട്ടിടത്തിന്റെ 5 മുറികൾ മാത്രം. ഹൈ ജീനിക് മാർക്കറ്റ് കോപ്ലക്‌സ് നിർമാണം പൂർത്തിയാക്കിയിട്ട് 4 വർഷം കഴിഞ്ഞു. എന്നാൽ ഇത് ലേലം ചെയ്തു കൊടുത്ത് തനതു വരുമാനത്തിൽ വർധനയുണ്ടാക്കാൻ നഗരസഭയ്ക്കു സാധിച്ചിട്ടില്ല. 2016-ലാണ്  മാർക്കറ്റ് കോപ്ലക്‌സ് നിർമാണത്തിനു തുടക്കമിട്ടത്.

1 കോടി 20 ലക്ഷം രൂപയുടെ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കിത്.നഗരസഭ ലേലം ചെയ്തു കൊടുക്കാൻ ശ്രമിച്ചെങ്കിലും സെക്യുരിറ്റി തുക കൂടുതലായതിനാലും നിർമാണത്തിലെ അപാകതയും കാരണം മുറികൾ ഏറ്റെടുക്കാൻ ആളെത്തിയില്ല. ഇതോടെ ലേലത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ എണ്ണവും പുറഞ്ഞു. നിർമാണം പൂർത്തിയായി വർഷം പലതു കഴിഞ്ഞതോടെ ഷട്ടറുകൾ പലതും തുരുമ്പെടുക്കാൻ തുടങ്ങി. വലിയ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനാൽ കോംപ്ലക്സിന്റെ മുൻപിലെ ടൈലുകൾ ഇളകിത്തുടങ്ങി. നഗരത്തിലെ മത്സ്യ, മാസ, ഉണക്കമീൻ, പച്ചക്കറി വിപണനം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈജിനിക് മാർക്കറ്റ് കോംപ്ലക്‌സ് നിർമിച്ചത്.

പുതിയ നഗരസഭകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി യുഡിഎഫ് സർ‌ക്കാർ 1 കോടി രൂപ അനുവദിച്ചതിനൊപ്പം ഈരാറ്റുപേട്ടയ്ക്കും ലഭിച്ചിരുന്നു. എന്നാൽ പദ്ധതി തയാറാക്കി നൽകിയ ശേഷം കരാർ നൽകുന്നതിനു വന്ന താമസം മൂലം ആ തുക നഷ്ടമായി. രാഷ്ട്രീയമായ ചേരിതിരിവാണു കരാർ വൈകാൻ കാരണമായത്. സെക്യുരിറ്റി തുക കുറച്ച് ഷട്ടർ മുറികൾ ലേലം ചെയ്യുകയാണ് ഇനിയുള്ള പരിഹാര മാർഗം. നിലവിലെ മാനദണ്ഡങ്ങളിൽ നഗരസഭ മാറ്റം വരുത്തണം. കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ വരികയും നഗരസഭയ്ക്കു തനതു വരുമാനത്തിൽ വർധന ഉണ്ടാകുകയും ചെയ്യും.

"നഗരസഭ പിടിവാശി വിട്ട് പ്രായോഗികതയിലേക്കു കടക്കണം. വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന സമയത്ത് സെക്യൂരിറ്റിയിൽ കുറവു വരുത്തണം. നാട്ടിൽ നിലവിലുള്ള വാടക കണക്കുകൂട്ടി 3 മാസത്തെ വാടക സെക്യൂരിറ്റിയായി വാങ്ങി മുറികൾ വാടകയ്ക്കു നൽകണം. നഗരസഭ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിൽ നിന്നാൽ മുറികൾ വാടകയ്ക്കു നൽകാനാകില്ല. ഇപ്പോൾത്തന്നെ നഗരസഭയ്ക്കു നഷ്ടമായത് ലക്ഷങ്ങളാണ്." - ടി.എം റഷീദ് മുൻ ചെയർമാൻ

"നിലവിൽ ഷോപ്പിങ് കോംപ്ലക്സിലെ 5 മുറികൾ വാടകയ്ക്കു നൽകി. മറ്റു മുറികൾ വാടകയ്ക്കു നൽകുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. 3 പ്രാവശ്യം ലേലം നടത്തി. 5 മുറികൾ കൈമാറുകയും ചെയ്തു. ബാക്കി മുറികൾ കൈമാറുന്നതിന് ടെൻഡർ ക്ഷണിക്കുന്ന നടപടികൾ നടന്നു വരികയാണ്. നിലവിൽ നഗരസഭയ്ക്കു കീഴിലുള്ള ബയോമിത്രം, എംയുഎൽഎം, സുഭിക്ഷ കേരളം എന്നിവയുടെ ഓഫിസുകളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്." - സുഹ്റ അബ്ദുൽ ഖാദർ(നഗരസഭാധ്യക്ഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com