നിറയെ തത്തകളുള്ള മരത്തിൽ ആദിത്യന് കൂടൊരുങ്ങി
Mail This Article
കോട്ടയം∙ ആദിത്യൻ ഇനി കോരിച്ചൊരിയുന്ന പേമാരിയെ ഭയക്കേണ്ടതില്ല; മഴവെള്ളം വീണ് അവന്റെ ഉറക്കം ഒരിക്കൽക്കൂടി മുറിയില്ല. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡിലൂടെ ആദിത്യൻ ചെന്നെത്തിയത് വീട് എന്ന സുരക്ഷിതത്വത്തിലേക്കു കൂടിയാണ്. ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് കുമരകം മൂലേത്ര മണിക്കുട്ടന്റെ മകൻ ആദിത്യൻ (9) എന്ന നാലാം ക്ലാസ് വിദ്യാർഥിയെ തേടിയെത്തിയത്. ആദിത്യൻ താമസിച്ചിരുന്ന വീട്ടിലെത്തണമെങ്കിൽ കുമരകം കരിയിൽ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ ഏറ്റം കാരണം മുട്ടറ്റം വെള്ളത്തിലൂടെ നടക്കണമായിരുന്നു. ചതുപ്പിൽ കാലു പുതയാതിരിക്കാൻ മണൽച്ചാക്കുകൾ വഴിയിൽ ഇട്ടിട്ടുണ്ട്. മഴ പെയ്താൽ ദുരിതാശ്വാസ ക്യാംപിൽ അഭയം തേടണം.
തകർന്നു വീണ ഭിത്തികളും പടുത വിരിച്ച മേൽക്കൂരയും മണൽച്ചാക്കു നിരത്തിയ മുറ്റവുമുള്ള ഈ വീട്ടിൽ ഷൂട്ടിങ്ങിനിടെ ജയരാജ് എത്തിയിരുന്നു. പുതിയ വീട് വാങ്ങിനൽകാമെന്ന് ജയരാജ് അന്ന് ഉറപ്പു നൽകി.
ഇന്നലെ മന്ത്രി വി.എൻ. വാസവൻ ആദിത്യന് പുതിയ വീടിന്റെ താക്കോൽ സമ്മാനിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ആർ. വിനയൻ, കെ. കേശവൻ, കെ.എസ്. സലിമോൻ, എംഎൻ മുരളീധരൻ, വി.ടി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. നല്ല വീടെന്ന ആദിത്യന്റെയും കുടുംബത്തിന്റെയും സ്വപ്നം മുൻപ് ഒരിക്കൽ തകർന്നു വീണിരുന്നു. ഒരിക്കൽ മനസ്സിന് ഇഷ്ടപ്പെട്ട 3 സെന്റ് വീടിന് കക്കവാരൽ തൊഴിലാളികളായ മാതാപിതാക്കൾ അതുവരെ കയ്യിലുണ്ടായിരുന്ന 50,000 രൂപ അഡ്വാൻസ് നൽകിയെങ്കിലും തുകയുമായി വീട്ടുടമ കടന്നുകളഞ്ഞു. ഒടുവിൽ മകനിലൂടെ 4 സെന്റിൽ 2 മുറിയും അടുക്കളയും ഹാളും വരാന്തയുമുള്ള വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.