വണ്ടി കട്ടപ്പുറത്ത്, തീപിടിച്ചാൽ കട്ടപ്പൊക; അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ നന്നാക്കാൻ നടപടിയില്ല
Mail This Article
ഈരാറ്റുപേട്ട∙ അടിയന്തര സാഹചര്യങ്ങളിൽ മലയോര മേഖലകളിൽ ഓടിയെത്തേണ്ട അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ കട്ടപ്പുറത്തായിട്ടു 10 മാസം. 3 വലിയ ഫയർ എൻജിനുകൾ, 2 പിക്കപ് വാഹനങ്ങൾ, ജീപ്പ്, ആംബുലൻസ് എന്നിവയാണ് സ്റ്റേഷനിലുള്ളത്. ഇതിൽ 2 വലിയ ഫയർ എൻജിനുകളും കട്ടപ്പുറത്താണ്. ആംബുലൻസും ഒരു പിക്കപ്പും ഓടുന്ന അവസ്ഥയിലല്ല. നിലവിൽ ഒരു വലിയ വാഹനവും ജീപ്പും ഒരു പിക്കപ്പും മാത്രമാണ് ഉപയോഗിക്കാനാകുന്നത്.
അതിൽ വലിയ എൻജിൻ പലപ്പോഴും പണി മുടക്കുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ 6 മാസം മുൻപ് സ്വന്തം കെട്ടിടത്തിലേക്കു മാറി. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമ്പോഴും ആവശ്യത്തിനു വാഹനങ്ങൾ ഇല്ലാത്തത് സേനയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മുൻപ് മേലുകാവ് കോണിപ്പാട് അഗ്നിബാധ ഉണ്ടായപ്പോൾ വാഹനം എത്തിയെങ്കിലും മോട്ടർ പ്രവർത്തിക്കാൻ സാധിക്കാതിരുന്നതിനാൽ പ്രയോജനമുണ്ടായില്ല.
പിന്നീട് പാലായിൽ നിന്നു വാഹനം എത്തിയപ്പോഴേക്കും കെട്ടിടം പൂർണമായി കത്തിനശിച്ചു. 10 മാസം മുൻപത്തെ പ്രളയത്തിലാണ് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായത്. തകരാറിലായ വാഹനം അറ്റകുറ്റപ്പണി നടത്താനോ പുതിയ വാഹനം വാങ്ങാനോ അധികൃതർ ഇതുവരെയും തയാറായിട്ടില്ല.