‘സാധാരണ 100 രൂപയാണ് നൽകാറ്, നിനക്ക് 300 തരാം’...; രാത്രികൾ ‘അവളുടേത്’ കൂടിയാകാൻ ഇനിയും എത്ര നാൾ?
Mail This Article
കോട്ടയം ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്നു. എന്നാൽ രാത്രികൾ ‘അവളുടേത്’ കൂടിയാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം? സ്ത്രീകൾക്ക് രാത്രി നടക്കാൻ സുരക്ഷയും ധൈര്യവും ഉറപ്പാക്കണമെന്ന ലക്ഷ്യവുമായി വനിത ശിശു വികസന വകുപ്പും യുവജന കമ്മിഷനും ചേർന്ന് കേരളത്തിലുടനീളം നടത്തിയ രാത്രി നടത്തം ക്യാംപെയ്നിന് എത്രത്തോളം ഫലമുണ്ടായി? കോട്ടയം നഗരത്തിൽ രാത്രിയിലെ സ്ത്രീസുരക്ഷ മലയാള മനോരമ റിയാലിറ്റി ചെക്കിലൂടെ പരിശോധിക്കുന്നു.
രാത്രി 11:00
നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് രാത്രിനടത്തം തുടങ്ങിയത്. യാത്രക്കാരിയായി സ്റ്റേഷനിലെത്തി. തികച്ചും ശാന്തമായ അന്തരീക്ഷം. ചുരുക്കം യാത്രക്കാർ മാത്രം. സ്ത്രീകളും പുരുഷന്മാരും തനിച്ചും കൂട്ടമായും യാത്ര ചെയ്യുന്നു. ആരും ആരെയും ഗൗനിക്കുന്നില്ല. തീർത്തും സുരക്ഷിതമായ സാഹചര്യം. സുരക്ഷാജീവനക്കാരുടെയും ഓട്ടോ, ടാക്സി ജീവനക്കാരുടെയും സൗഹൃദപരമായ പെരുമാറ്റം. പകൽ പോലെ വെളിച്ചം. തുറിച്ചു നോട്ടങ്ങളില്ല, അനാവശ്യ സംസാരങ്ങളില്ല. കോട്ടയം റെയിൽവേ സ്റ്റേഷൻ രാത്രിയിലും പത്തരമാറ്റാണ്.
രാത്രി 11:20
റെയിൽവേ സ്റ്റേഷനിൽ നിന്നു നേരെ നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക്. വിജനമായ റോഡിൽ വാഹനങ്ങളും കുറവ്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ പേടിപ്പെടുത്തുന്ന അന്തരീക്ഷം. നാഗമ്പടം സ്റ്റാൻഡിൽ കനത്തിൽ നിൽക്കുന്ന ഇരുട്ട്. പുറത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലിരുന്ന ഉദ്യോഗസ്ഥൻ എന്നെ കണ്ടെങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. ഞാനും ഒന്നും പറഞ്ഞില്ല. ഇരുട്ടും നിശ്ശബ്ദമായ അന്തരീക്ഷവും ഭയപ്പെടുത്തുന്നുണ്ടെങ്കിലും മുന്നോട്ടുപോയി.
രാത്രി 11:35
നാഗമ്പടത്തു നിന്നു ശാസ്ത്രി റോഡിലേക്കുള്ള റോഡിനു സമീപം എത്തിയപ്പോൾ ഒരു സ്കൂട്ടർ പെട്ടെന്നു മുന്നിൽനിന്നു. റെയിൽവേ സ്റ്റേഷൻ മുതൽ അയാൾ പിന്നാലെയുണ്ടത്രേ!.. എവിടേക്കു പോകുന്നു? അയാൾ ചോദിച്ചു. നടക്കാനിറങ്ങിയതാണ്: ഞാൻ മറുപടി പറഞ്ഞു. കൂടെ ആരുമില്ലേ? മറുപടി പറയാതെ നടക്കാൻ ഭാവിച്ചപ്പോൾ അയാൾ തടഞ്ഞുനിർത്തി. എവിടേക്കു പോകുന്നു? വണ്ടിയിൽ കയറൂ, ഞാൻ കൊണ്ടു വിടാം. രൂക്ഷമായി കണ്ണുകളെറിഞ്ഞ് വൃത്തികെട്ട രീതിയിൽ അയാൾ പറഞ്ഞു. സ്ഥിതി അത്ര നന്നല്ലെന്നു കണ്ടതോടെ സുരക്ഷയ്ക്കു കൂടെ വന്നവർ അടുത്തെത്തി. ഞങ്ങൾ വാഹനത്തിൽ യാത്ര തുടർന്നു.
രാത്രി 12:00
ഗാന്ധി സ്ക്വയറിനു മുൻപിൽ നിന്നു തിരുനക്കരയിലെത്തി അവിടെ നിന്ന് കെഎസ്ആർടിസിയിലേക്ക്. റോഡിൽ അരണ്ട വെളിച്ചം മാത്രം. എങ്കിലും മിക്ക സ്ഥാപനങ്ങൾക്കു മുൻപിലും സുരക്ഷാ ജീവനക്കാരുള്ളത് രക്ഷയായി. പഴയ കളരിക്കൽ ബസാറിന്റെ സമീപമെത്തിയപ്പോൾ എതിരെ വന്നവർ തിരിഞ്ഞ് പിന്നാലെ വരാൻ തുടങ്ങി. അവർ 3 പേരായിരുന്നു. സംസാരത്തിൽ നിന്നു 18–20 വയസ്സിന് ഇടയിലുള്ള അതിഥിത്തൊഴിലാളികളാണെന്നു വ്യക്തമായി. പ്രൈസ് ക്യാ ഹേ? അവർ ചോദിച്ചു. മറുപടി പറയാതെ നടത്തത്തിനു വേഗം കൂട്ടി. ‘സാധാരണ 100 രൂപയാണ് നൽകാറ്, നിനക്ക് 300 തരാം. ഞങ്ങൾ 3 പേർക്കു കൂടി 900. പോകാം?’ അവർ ഹിന്ദിയിൽ ചോദിച്ചു. പ്രതികരിക്കാൻ നിൽക്കാതെ ഞാൻ നടന്നു.
വിലപേശിയും നിർബന്ധിച്ചും അവർ കുറേ ദൂരം പിന്തുടർന്നു. കെഎസ്ആർടിസിക്കു സമീപം എത്തിയപ്പോൾ ആളുകളെ കണ്ടതോടെ അവർ പിൻവാങ്ങി. 2–3 മിനിറ്റുകൾക്കു ശേഷം വേഗം കുറച്ചെത്തിയ ഒരു കാർ എനിക്കരികിൽ നിർത്തി. 45–50 വയസ്സിനിടയിലുള്ള പുരുഷൻ കണ്ണാടി താഴ്ത്തി, ‘ന്യായമായി തരാം, കയറിക്കോ’ എന്നു പറഞ്ഞു. ഞാൻ അയാൾക്കരികിൽ നിന്നു വേഗത്തിൽ നടന്നുനീങ്ങി.
രാത്രി 12:40
കെഎസ്ആർടിസിക്കു സമീപമുള്ള തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കാമെന്നതായിരുന്നു അടുത്ത പ്ലാൻ. അതിനായി റോഡ് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗാന്ധി സ്ക്വയർ മുതൽ പിന്തുടർന്നു വന്ന ബൈക്ക് യാത്രക്കാരൻ പിന്നാലെ എത്തി. 28–32 വയസ്സിനിടയിലുള്ള യുവാവ് വണ്ടി നിർത്തി. ‘കിട്ടുമോ?’ അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു. ആത്മാഭിമാനത്തിനു ക്ഷതമേറ്റവളെപ്പോലെ ഞാനൊരു നിമിഷം പകച്ചു. ‘മര്യാദയ്ക്കു പോയില്ലെങ്കിൽ തനിക്കിട്ടു കിട്ടും’ ശബ്ദമുയർത്തി ഞാൻ മറുപടി പറഞ്ഞു. അൽപം രോഷാകുലനായെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നുവെന്നു തോന്നിയതോടെ അയാൾ പിൻവാങ്ങി.
പിന്നീട് തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു. മറ്റൊരു സ്ത്രീയും ആ പരിസരത്തില്ല. ഒട്ടേറെ പുരുഷന്മാർ, എന്നാൽ പൂർണ സുരക്ഷിതത്വം. ഭക്ഷണം കഴിച്ചിറങ്ങിയ ഞാൻ കെഎസ്ആർടിസിയിലെ ശുചിമുറിയിൽ പോകാൻ തീരുമാനിച്ചു. വെളിച്ചം കടന്നെത്താത്ത ഇടവഴി. ഭീതിപ്പെടുത്തുന്ന സാഹചര്യം. കുറച്ചു മുന്നോട്ടു നടന്ന് ആ വഴിപോകാൻ പേടി തോന്നിയതോടെ ദൗത്യം ഉപേക്ഷിച്ചു പിൻവാങ്ങി.
ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തി. തുറിച്ചു നോട്ടം, തട്ടാത്തതു പോലെ ദേഹത്തു തട്ടുന്നവർ.. പക്ഷേ രൂക്ഷമായ നോട്ടത്തിൽ പലരും പിൻവാങ്ങി.ഈ യാത്രയിൽ പലയിടത്തും ഇരുട്ടിന്റെ മറവിൽ നിൽക്കുന്ന സ്ത്രീകളെയും കണ്ടുമുട്ടി. അതിലൊരാൾ സ്റ്റേജ് ഷോകൾ നിലച്ചതോടെ പട്ടിണിയിലായ പൊന്നുവായിരുന്നു (യഥാർഥ പേരല്ല). സ്വന്തം കഥ പറയുമ്പോൾ അവർ വിതുമ്പി.
എല്ലാവർക്കും ദുരനുഭവം
വഴിയരികിൽ നിൽക്കുന്ന സ്ത്രീകളും പുരുഷന്മാരും സുരക്ഷിതരല്ലെന്നു സാക്ഷ്യപ്പെടുത്തുന്നത് നഗരത്തിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരനാണ്. ബൈക്കിലും മറ്റും യാത്രചെയ്യുന്നവരുടെ മുന്നിലേക്കു ചാടിവന്ന് ആക്രമിക്കുന്നവരും നഗരത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. ഓടിവന്ന് ശരീരത്തിൽ അള്ളിപ്പിടിക്കുന്ന സംഘം പഴ്സും മറ്റും കൈക്കലാക്കും. തുടർന്ന് പണം തട്ടിപ്പറിക്കുകയോ വിലപേശുകയോ ചെയ്യും. ഇത്തരത്തിൽ ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.