ADVERTISEMENT

വൈക്കം ∙ ജനജീവിതത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ  നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വൈക്കം  ടൗൺ  നോർത്ത് -സൗത്ത് മേഖല  കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. വൈക്കം കച്ചേരി കവലയിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ സമാപിച്ചു. ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.

ടൗൺ നോർത്ത് മേഖല സെക്രട്ടറി ഗോകുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. തെരുവു നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനായി ഷെൽട്ടർ ഒരുക്കുക, നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് കാര്യക്ഷമമാക്കുക, എബിസി പ്രോഗ്രാം സുരക്ഷിതമായി കാര്യക്ഷമമാക്കുക,അടുക്കള മാലിന്യങ്ങളും മറ്റും പൊതു നിരത്തുകളിൽ നിക്ഷേപിക്കുന്നത് തടയുക, അവശതയിലായ നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

സിപിഎം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.പി.ജയരാജ്‌, ഡിവൈഎഫ്ഐ ടൗൺ സൗത്ത് മേഖലാ സെക്രട്ടറി എച്ച്.ഐ.റോഹൻ, പ്രസിഡന്റ് ആരോമൽ തമ്പി, ടൗൺ നോർത്ത് മേഖലാ പ്രസിഡന്റ് സ്വാമിനാഥൻ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ സിജുമോൻ ഷാജി എന്നിവർ പ്രസംഗിച്ചു.

‘തെരുവുനായയുടെ കടിയേറ്റവർക്ക് ചികിത്സാ സഹായം അനുവദിക്കണം’

വൈക്കം ∙ നായയുടെ കടിയേറ്റവർക്കു അടിയന്തിര ചികിത്സാ സഹായം  അനുവദിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിന്റെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. വിലക്കയറ്റവും, തൊഴിലില്ലായ്മയും മൂലം സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്ക് പേപ്പട്ടി കടിച്ച പ്രഹരം വലുതാണ്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയും, നിരീക്ഷണവും മാത്രമാണുള്ളത്.

അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് വാക്സിനേഷന് പോകുന്നവർ ബസുകളിൽ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. മെഡിക്കൽ കോളജിൽ വാക്സിനേഷനുള്ള മരുന്ന് ഇല്ലാ എന്നുപറഞ്ഞ് പുറത്തേക്ക് കുറിക്കുന്നു. മരുന്നിന് അമിതമായ വിലയാണ്. തുടർ വാക്സിനേഷനും എടുക്കേണ്ടതുണ്ട്. കടിയേറ്റവർക്കു ജോലിക്ക് പോകുന്നതിന് സാധിക്കുന്നില്ല. കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ സർക്കാർ തലത്തിൽ നായയുടെ കടിയേറ്റവർക്കു അടിയന്തിര സഹായം  അനുവദിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

പി.കെ. ദിനേശൻ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു. പി.വി.പ്രസാദ്, വി.ടി.ജയിംസ്, ലീന ഡി.നായർ, എസ്.ജയപ്രകാശ്, എൻ.സി.തോമസ്, വി.കെ.ശശിധരൻ, കെ.കെ.ഷാജി, എം.അനിൽകുമാർ, എം.ശശി, ആർ.അനീഷ്, ടി.കെ.കുര്യാക്കോസ്, പി.സി.തങ്കരാജ്, പി.വി.സുരേന്ദ്രൻ, വിജയമ്മ ബാബു, പി.കെ ജയ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com