ആവശ്യവുമായി സ്കൂൾ വിദ്യാർഥികൾ; തെരുവുനായ് ആക്രമണത്തിൽ നിന്ന് സംരക്ഷണം വേണം
Mail This Article
എരുമേലി ∙ സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റുകൾ ആണ് പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക് നിവേദനം നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച 3 കുട്ടികളെ സ്കൂളിലേക്കുവരുന്ന വഴി തെരുവുനായ ആക്രമിച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് ഇറങ്ങിയപ്പോഴും തെരുവുനായ്ക്കൾ ഓടിച്ചു.
5 , 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരാളെ നായ മാന്തുകയും ചെയ്തു. പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ. ബസ് സ്റ്റാൻഡിനു പിന്നിലെ റോഡിൽ കൂടി സ്കൂളിലേക്ക് പോകുമ്പോഴാണു നായകൾ കൂട്ടമായി ആക്രമിച്ചത്. ഈ വിദ്യാർഥികളെ അധ്യാപകരും രക്ഷിതാക്കളും ഇടപെട്ട് ആശുപത്രിയിൽ എത്തിച്ച് പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ് നൽകി. നായകൾ ഓടിച്ചിനെ തുടർന്നു നിരവധി കുട്ടികൾക്ക് വീണു പരുക്കേറ്റു.
നാട്ടിൽ തെരുവുനായ്ശല്യം ശല്യം വർധിച്ചതായും വിദ്യാർഥികൾ നൽകിയ നിവേദനത്തിൽ പറയുന്നു..സ്കൂളിലേക്ക് റോഡുകളിൽ കൂടി ഭയം കൂടാതെ സഞ്ചരിക്കാൻ ആവശ്യമായ സാഹചര്യം ഉറപ്പാക്കാമെന്നു പഞ്ചായത്ത് പ്രസിഡന്റും എസ്എച്ച്ഒയും ഉറപ്പു നൽകി. സ്കൂൾ എസ്പിസി കെഡറ്റുകൾ ആയ ഹൈദർ ഹസ്സൻ, അതീന ഹാരിഷ് എന്നിവർ ചേർന്നാണു നിവേദനം സമർപ്പിച്ചത്.