ADVERTISEMENT

മണർകാട് ∙ വിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർഥനകളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പ് ആചരിച്ച് ഭജനം ഇരിക്കുന്ന വിശ്വാസികൾ അനേകം. 

ഇവരുടെ കണ്ഠങ്ങളിൽ നിന്നു ഉയരുന്നത് പരിശുദ്ധ അമ്മയോടുള്ള പ്രാർഥന മാത്രം. ജാതിമത ഭേദമെന്യേ തീർഥാടകർ പായ വിരിച്ചു പ്രാർഥന നിറവിൽ പൂർണ സമയവും ഒരേ മനസ്സോടെ ഇരിക്കുന്ന കാഴ്ച മണർ‌കാട് പള്ളിയുടെ മാത്രം പ്രത്യേകതയാണ്.

 ഇക്കൂട്ടത്തിൽ വിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹ സാക്ഷ്യങ്ങൾ പറയാൻ ഉള്ളവരാണ് ഏറെയും. ജീവിത വിജയത്തിന്റെ പടികൾ താണ്ടിയവർ അനുഗ്രഹങ്ങൾക്കു നന്ദി അർപ്പിച്ചും ഉപവാസവും നേർച്ചക്കഞ്ഞിയും മാത്രം കഴിച്ചു നോമ്പ് ആചരിക്കുന്നു.

∙ ദൈവമാതാവിനോട് ചേർന്നിരിക്കണം

വിശുദ്ധ ദൈവ മാതാവിനോടു ചേർന്നിരുന്നു ജീവിതത്തിൽ മുന്നോട്ടു പോകാൻ വിശ്വാസികൾക്കു സാധിക്കണമെന്ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് പറഞ്ഞു. നോമ്പാചരണത്തിന്റെ 3ാം ദിനമായിരുന്ന ഇന്നലെ മൂന്നിന്മേ‌ൽ കുർബാനയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പീറ്റർ കോറെപ്പിസ്കോപ്പ വേലംപറമ്പിലും ധ്യാന പ്രസംഗം നടത്തി. ഫാ.സ്റ്റീഫൻ ജ്ഞാനമറ്റം, തങ്കച്ചൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ ഗോസ്പൽ ടീം നയിച്ച ധ്യാനം വിശ്വാസികൾക്കു ആത്മീയ വിരുന്നായി മാറി. 

ഇന്നു 6 ന് കരോട്ടെ പള്ളിയിൽ കുർബാനയ്ക്കു യറുശലേം ഭദ്രാസനത്തിന്റെ പാട്രിയാർക്കൽ വികാരി മാത്യൂസ് മാർ തിമോത്തിയോസ്, കത്തീഡ്രലിൽ 8.30 ന് മൂന്നിന്മേൽ കുർബാനയ്ക്കു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

മണർകാട് പള്ളിയിൽ ഇന്ന് 

∙ കുർബാന (കരോട്ടെ പള്ളിയിൽ)– ജറുസലം ഭദ്രാസനത്തിന്റെ പാട്രിയാർക്കൽ വികാരി മാത്യൂസ് മാർ തിമോത്തിയോസ്– 6.00

∙ പ്രഭാത നമസ്കാരം (താഴത്തെ പള്ളിയിൽ)– 7.30

∙ മൂന്നിന്മേൽ കുർബാന– മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്– 8.30

∙ പ്രസംഗം– മാത്യൂസ് മാർ തിമോത്തിയോസ്– 11.00

∙ ഉച്ചനമസ്കാരം– 12.00

∙ പ്രസംഗം– ഫാ.ജിബി മാത്യു വാഴൂർ– 2.30

∙ സന്ധ്യാനമസ്കാരം– 5.00

∙ പൊതുസമ്മേളനം– 6.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com