രാജഭരണ കാലത്ത് പടവള്ളം, പിന്നീട് വെപ്പ് കളിവള്ളം; അപൂർവ നിയോഗത്തിന്റെ നൂറാം വർഷത്തിൽ പനയക്കഴിപ്പ് വള്ളം
Mail This Article
കുമാരനല്ലൂർ ∙ തെക്കുംകൂർ രാജഭരണ കാലത്ത് പടവള്ളം; പിന്നീട് വെപ്പ് കളിവള്ളം. ദേശവഴികളിൽ അനുഗ്രഹം ചൊരിഞ്ഞ് കുമാരനല്ലൂരമ്മ മീനച്ചിലാറ്റിൽ ഊരുചുറ്റുന്നതിന് നാഗമ്പടം പനയക്കഴിപ്പ് വെപ്പ് വള്ളം സാക്ഷ്യം വഹിക്കുന്നത് നൂറാമത്തെ വർഷം. ദേവിയുടെ സിംഹവാഹനം വഹിക്കുന്നതിനു മറ്റു വള്ളങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള തടസ്സം ഉണ്ടായാൽ പകരം വള്ളമായി ഉപയോഗിക്കുന്നത് പനയക്കഴിപ്പ് വള്ളമാണ്. അതിനാൽ ഈ വള്ളം ഒരു നൂറ്റാണ്ടായി ഊരുചുറ്റ് വള്ളംകളി ദിനത്തിൽ കുമാരനല്ലൂരിൽ ഉണ്ടാകും. ചില വർഷങ്ങളിൽ പനയക്കഴിപ്പ് വള്ളം സിംഹവാഹനം വഹിച്ചിട്ടുമുണ്ട്.
വള്ളം ഇപ്പോൾ പനയക്കഴിപ്പ് 1398–ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലാണ്. നേരത്തേ കുടുംബം വക വള്ളമായിരുന്നു. തെക്കുംകൂർ രാജാവിനു പണ്ട് ഉണ്ടായിരുന്ന പടവള്ളങ്ങളുടെ അളവുകൾ മാതൃകയാക്കിയാണ് വള്ളം നിർമിച്ചതെന്ന് പഴയ രേഖകൾ ഉദ്ധരിച്ച് പനയക്കഴിപ്പ് എൻഎസ്എസ് കരയോഗം പ്രസിഡന്റ് വേണു പരമേശ്വരവും ട്രഷറർ മോഹനചന്ദ്രൻ നായരും പറഞ്ഞു.
കാവാലത്താണ് നിർമിച്ചത്. പിന്നീട് മാമ്പുഴക്കരിക്കാർ വാങ്ങി. അവിടെ നിന്നാണ് പനയക്കഴിപ്പിൽ എത്തിയത്. വിവിധ എൻഎസ്എസ് കരയോഗങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലുള്ള ഇത്തവണത്തെ ഉത്തൃട്ടാതി ഊരുചുറ്റ് വള്ളംകളി ക്ഷേത്രക്കടവിൽ നിന്നു 12നു രാവിലെ 8ന് ആരംഭിക്കും. ഓരോ വർഷവും ദേവിയുടെ സിംഹവാഹനം വഹിക്കുന്നതിനു പ്രത്യേകം വള്ളം തിരഞ്ഞെടുക്കുകയാണ് പതിവ്. കരുവാറ്റ ചുണ്ടൻ വള്ളത്തിനാണ് ഇത്തവണ നിയോഗം. ഡി.ഉണ്ണിക്കൃഷ്ണൻ ബ്രാഹ്മിണിയിൽ ആണ് ജനറൽ കൺവീനർ.