ടാർ ഒഴിക്കാതെ 50 ലക്ഷത്തിന്റെ റോഡ് ടാറിങ്; പിറ്റേ ദിവസം തകർന്നു
Mail This Article
കല്ലറ ∙ 50 ലക്ഷത്തിന്റെ റോഡ് ടാറിങ് പിറ്റേ ദിവസം തകർന്നു. കല്ലറ പഞ്ചായത്തിലെ ദേശസേവിനി– നീരൊഴുക്കിൽ പടി– തറേത്താഴം റോഡാണ് നിർവഹണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറുകാരൻ ടാർ ഒട്ടും ചേർക്കാതെ മെറ്റൽ കറുപ്പിച്ച് ടാറിങ് നടത്തിയത്.
ബുധനാഴ്ചയായിരുന്നു റോഡിന്റെ ടാറിങ് വ്യാഴാഴ്ച രാവിലെ റോഡിന്റെ നൂറ് മീറ്ററോളം ഭാഗം റോഡിലെ പുതിയ ടാറിങ് ഇളകി പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നാണ് റോഡിന്റെ വികസനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്.
പഞ്ചായത്തിലെ എൻജിനീയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു ടാറിങ് നടത്തിയത്.
ഇവരുടെ കൃത്യമായ മേൽ നോട്ടത്തിലാണ് റോഡിൽ ടാർ ഒഴിക്കാതെയുള്ള ടാറിങ് എന്നു നാട്ടുകാർ ആരോപിക്കുന്നു. തകർന്ന റോഡിൽ ടാർ ഒഴിക്കാതെ ടാർ മിശ്രിതം ചേർത്ത മെറ്റൽ വിരിച്ച് റോളർ കയറ്റി ഇറക്കുകയായിരുന്നു എന്നു നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ എൻജിനീയറും മറ്റ് ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് നടത്തിയ ഒത്തുകളിയാണ് ടാറിങ് നടത്തിയ റോഡ് പിറ്റേ ദിവസം തന്നെ തകരാർ കാരണമെന്നാണ് ആരോപണം ഉയരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ തുടങ്ങിയവർ സ്ഥലത്ത് എത്തി എൽഎസ്ജിഡി അസി. എക്സിക്യൂട്ടീവ് എൻജിനീയറെ സ്ഥലത്ത് വിളിച്ചു വരുത്തി റോഡിൽ പരിശോധന നടത്തി.