ADVERTISEMENT

കടുത്തുരുത്തി ∙ പ്രതിഷേധം പ്രകടിപ്പിക്കാൻ ഒരു ദിവസം കറുത്ത വസ്ത്രം ധരിക്കുന്നത് പാലായിൽ നിന്ന് കഴിഞ്ഞ ദിവസവും വാർത്തയായി. പ്രതിഷേധത്തിന്റെ ഭാഗമായി എട്ടു വർഷമായി കറുത്ത ഷർട്ട് അണിയുന്ന സംരംഭകൻ കടുത്തുരുത്തിയിലുണ്ട്. കേരളത്തിലെ ആദ്യ അഗ്രികൾചറൽ തീം പാർക്കായ ആയാംകുടിയിലെ മാംഗോ മെഡോസിന്റെ ഉടമ പ്രവാസി മലയാളി എൻ.കെ. കുര്യൻ.കെഎഫ്സിയോടുള്ള (കേരള ഫിനാൻഷ്യൽ കോർപറേഷൻ) പ്രതിഷേധം പ്രകടിപ്പിക്കാൻ കറുത്ത ഷർട്ടാണ് കുര്യന്റെ മാർഗം. 107 കോടി രൂപയുടെ സംരംഭമാണ് എൻ.കെ. കുര്യന്റെ മാംഗോ മെഡോസ്. കേരളത്തിലെ മുഴുവൻ ജൈവാവസ്ഥയും 30 ഏക്കറിൽ കൊണ്ടുവന്ന പദ്ധതി പൂർത്തിയാക്കാൻ 14 കോടി രൂപ കൂടി ആവശ്യമായി വന്നു.

2015– ൽ ഇതിനായി സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കെഎഫ്സിയെ കുര്യൻ സമീപിച്ചു. വായ്പ തരാമെന്ന് ആദ്യം അറിയിച്ച കെഎഫ്സി വായ്പ തരുന്നത് പല കാരണം പറഞ്ഞ് വൈകിപ്പിച്ചെന്നും പിന്നീട് സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ നിർബന്ധിച്ചെന്നും കുര്യൻ പറയുന്നു. സ്വകാര്യ സ്ഥാപനത്തിൽ നിന്നു താൽക്കാലികമായി വായ്പയെടുത്തു. പലിശ കൂടുതൽ കൊടുക്കേണ്ടി വന്നു. തുടർന്നും കെഎഫ്സി വായ്പ തന്നില്ല. മാംഗോ മെഡോസ് കടക്കെണിയിലായി ഇപ്പോൾ ജപ്തിഭീഷണിയിലാണ്.

കെഎഫ്സിയുടെ ചതിയിൽ പ്രതിഷേധിച്ചാണ് 2015 മുതൽ കറുത്ത ഷർട്ട് മാത്രം ധരിച്ചു തുടങ്ങിയതെന്ന് കുര്യൻ പറയുന്നു. പ്രതിഷേധിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതാവുമ്പോൾ സ്വയം അണിഞ്ഞു പോകുന്നതാണ് കറുപ്പെന്നു  കുര്യൻ പറയുന്നു.അതേസമയം കുര്യൻ വെള്ളയിൽ പച്ചക്കളങ്ങളുള്ള ഷർട്ട് ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പം നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിലുണ്ട്. 

ഇതു പിണറായി വിജയൻ മുഖ്യമന്ത്രിയാകും മുൻപു പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എടുത്തതാണെന്നും കുര്യൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com