കല്ലറയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ
Mail This Article
കല്ലറ ∙ പൊതു വഴിയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും അവഗണന തുടരുന്നതായി ജനപ്രതിനിധികളുടെ പരാതി. എംഎൽഎ ഫണ്ടിൽ നിന്നും കല്ലറ കുരിശു പള്ളി ജംക്‌ഷനിലും പെരുന്തുരുത്ത് കടവിലും സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ എംഎൽഎ ഓഫിസിൽ അറിയിച്ചിട്ടും ലൈറ്റ് നന്നാക്കി തെളിയിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പഞ്ചായത്തംഗം ജോയി കൽപകശേരി ആരോപിച്ചു. രാത്രികാലങ്ങളിൽ പ്രദേശമാകെ ഇരുട്ടിന്റെ പിടിയിലാണ്.
വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചവും വാഹനങ്ങളിലെ വെളിച്ചവുമാണ് കാൽനട യാത്രക്കാർക്ക് ആശ്രയം . മതിയായ വെളിച്ചം ഇല്ലാത്തതിനാൽ വാഹനാപകടങ്ങളും ഉണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. സ്ഥാപിച്ച ശേഷം അഞ്ച് വർഷത്തേക്കു ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ലൈറ്റ് സ്ഥാപിച്ച കമ്പനിയാണെന്ന് ജനപ്രതിനിധികൾ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാൻ അധികൃതരുടെ ഇടപെടൽ എത്രയും വേഗം ഉണ്ടാകണമെന്ന് ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അരവിന്ദ് ശങ്കർ അധ്യക്ഷത വഹിച്ചു.