ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് നിർദേശം
Mail This Article
കാഞ്ഞിരപ്പള്ളി ∙ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ചെറുവള്ളി റബർ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നിർദേശം.നടപടികളുടെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫിസുകളിൽ നിന്ന് എസ്റ്റേറ്റ് അധികൃതർക്ക് ഡിമാൻഡ് നോട്ടിസ് നൽകി.
Also read: ശബരിമല വിമാനത്താവളം: ബാധിക്കുന്നത് 700 കുടുംബങ്ങളെ; സാമൂഹികാഘാത പഠനം തുടങ്ങി
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1,039.876 ഹെക്ടർ (2,570 ഏക്കർ) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.എരുമേലി തെക്ക് വില്ലേജിൽപെട്ട സ്ഥലത്തിന്റെ കുടിശികയും പലിശയും ഉൾപ്പെടെ 58 ലക്ഷത്തോളം രൂപയും മണിമല വില്ലേജിൽ 3,53,958 രൂപയുമാണ് റവന്യു വകുപ്പ് സ്വീകരിക്കാൻ നടപടി തുടങ്ങിയത്.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ആകെ 4,375 ഹെക്ടറാണു ചെറുവള്ളി എസ്റ്റേറ്റ്.നിലവിൽ പാലാ സബ് കോടതിയിൽ സർക്കാരുമായി കേസുള്ള എസ്റ്റേറ്റിന്റെ നികുതി റവന്യു വകുപ്പ് സ്വീകരിച്ചിട്ട് 13 വർഷമായി.ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് കമ്പനി, തോട്ടം ഗോസ്പൽ ഫോർ ഏഷ്യയ്ക്കു കൈമാറിയ ശേഷം 2008-2009 വരെ കരം സ്വീകരിച്ചിരുന്നു. പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി കോടതിയിൽ കേസായതിനാൽ റവന്യു വകുപ്പ് കരം സ്വീകരിച്ചില്ല.
തുടർന്നാണ് തോട്ടം അധികൃതർ കോടതിയെ സമീപിച്ചത്.കൈവശ ഭൂമിയുടെ ഭൂനികുതി സ്വീകരിക്കുന്നത് കൈവശക്കാരനു ഭൂമിയിലുള്ള ഉടമസ്ഥത സ്ഥാപിക്കലല്ല എന്നും ഭൂനികുതി സ്വീകരിക്കുന്നത് സാമ്പത്തിക ഉദ്ദേശ്യത്തിനുവേണ്ടി മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്..