ശബരിമല വിമാനത്താവളം പദ്ധതിക്ക് വേഗമേറുന്നു; വീടുകളുടെയും സ്ഥലം ഉടമകളുടെയും വിവരങ്ങൾ തേടി തുടങ്ങി
Mail This Article
എരുമേലി ∙ സാമൂഹികാഘാത പഠനം ആരംഭിച്ചതോടെ ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണ പദ്ധതിക്ക് വേഗം കൂടുന്നു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതു സംബന്ധിച്ച നടപടികളുടെ ഭാഗമായിട്ടാണ് ആദ്യം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചത്.
ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റിനും പുറമേ സർക്കാർ പദ്ധതിക്കായി ഏറ്റെടുക്കുന്ന 307 ഏക്കർ സ്വകാര്യ ഭൂമിയിലെ വീടുകളുടെയും സ്ഥലം ഉടമകളുടെയും വിവരങ്ങളാണ് ഇപ്പോൾ തേടാൻ ആരംഭിച്ചത്.
Also read: ശബരിമല വിമാനത്താവളം: ബാധിക്കുന്നത് 700 കുടുംബങ്ങളെ; സാമൂഹികാഘാത പഠനം തുടങ്ങി
ഇതിനു ശേഷം ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. വിമാനത്താവളത്തിനായി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. ഇങ്ങനെ വന്നാൽ തടസ്സങ്ങൾ ഒഴിവാക്കി അതിവേഗം ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു കഴിയും.
പൊതുവികസന ആവശ്യത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് ആയതിനാൽ കോടതിയെ സമീപിച്ച് പദ്ധതി തടസ്സപ്പെടുത്തുന്നതിനു പ്രതിബന്ധങ്ങൾ ഉണ്ട്. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് കോടതിയിൽ പോയാലും സ്ഥലം ഏറ്റെടുപ്പ് തടസ്സപ്പെടാതെ മുന്നോട്ടുപോകും.
നിയമ പ്രശ്നങ്ങളോ ഉടമസ്ഥാവകാശ തർക്കമോ മറ്റു തർക്കങ്ങളോ ഉണ്ടായാൽ റവന്യു വകുപ്പ് ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാര പാക്കേജ് തുക കോടതിയിൽ കെട്ടിവച്ച് നടപടികളുമായി മുന്നോട്ടുപോകും.
Also read: ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് നിർദേശം
ജില്ലയിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കാണ് സമീപ കാലത്ത് ഏറ്റവും കൂടുതൽ സ്ഥലം 2013ലെ സ്ഥലം ഏറ്റെടുക്കൽ ആക്ട് നടപടി പ്രകാരം ഏറ്റെടുത്തത്. അനേകം കേസുകൾ ഉണ്ടായിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് കാര്യമായ തടസ്സം ഉണ്ടാകാതെ നിശ്ചിത സമയത്ത് പൂർത്തിയാക്കി. 43 ഹെക്ടർ ഭൂമിയാണ് നിശ്ചിത സമയത്തിനുള്ളിൽ അന്ന് റെയിൽവേക്കായി വേണ്ടി റവന്യു വകുപ്പ് ഏറ്റെടുത്തു കൈമാറിയത്. 230 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു.
സാമൂഹികാഘാത പഠനം നടത്തുന്നതിലൂടെ, സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക, ജീവിത പ്രശ്നങ്ങൾ ജനങ്ങൾക്ക് അവതരിപ്പിക്കാൻ അവസരം ലഭിക്കും. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ചും ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ അവസരമുണ്ട്.